റണ്‍ കേരള റണ്‍ : മുണ്ടക്കയമൊരുങ്ങി  

മുണ്ടക്കയം. ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടത്തുന്ന റണ്‍ കേരള റണ്‍ വൈവിധ്യം കൊണ്ടു ശ്രദ്ധേയമാക്കുവാന്‍ ഗ്രാമപഞ്ചായത്ത് വിളിച്ചു കൂട്ടിയ യോഗം തീരുമാനിച്ചു.

സെന്റ്് ജോസഫ്സ് സെന്‍ട്രല്‍ സ്കൂള്‍, എംഇഎസ് പബ്ളിക് സ്കൂള്‍, സിഎംഎസ്് ഹൈസ്കൂള്‍, സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍, എസ്എന്‍ ഇംഗിഷ് മീഡിയം സ്കൂള്‍, സാന്തോം ഇന്‍സ്റ്റിറ്റ്യൂട്ട്, എജിഎം പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയടക്കമുള്ളവയിലെ വിദ്യാര്‍ഥികള്‍, പിടിഎ, അധ്യാപകര്‍, അനധ്യാപകര്‍, സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ റണ്‍ കേരള റണ്ണില്‍ അണിനിരക്കും.    

പതാക ഉയര്‍ത്തല്‍, ദേശീയ ഗെയിംസ് ഗാനാലാപനം, പ്രതിജ്ഞ എന്നിവയ്ക്കു ശേഷം 10.30ന് സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂള്‍ മൈതാനത്തു നിന്ന് റണ്‍ കേരള റണ്‍ തുടങ്ങും. സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ റോളര്‍ സ്കേറ്റിങ്, ബാന്‍ഡ് മേളം എന്നിവ റണ്‍ കേരള റണ്ണിന് നിറപ്പകിട്ടേകും. പങ്കെടുക്കുന്നവര്‍ക്ക് കയ്യില്‍ ധരിക്കുവാന്‍ ദേശീയ ഗെയിംസിന്റെ ഔദ്യോഗിക നിറങ്ങള്‍ വിളംബരം ചെയ്യുന്ന റിബണുകള്‍ മുണ്ടക്കയം സഹകരണ ബാങ്ക് നല്‍കും.      

കോസ്വേ, ടിബി, മനോരമ, ആശുപത്രി, ഗ്യാലക്സി, ഗുരുദേവപുരം കവലകളിലൂടെ റണ്‍ കേരള റണ്‍ വൈഎംസിഎ പടിയിലെത്തി തിരികെ സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂളിലെത്തി സമാപിക്കും. ആറായിരം പേര്‍ മുണ്ടക്കയത്തു നടത്തുന്ന റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുമെന്നാണ് പ്രാഥമിക നിഗമനം. വിവിധ സംഘടനകള്‍ റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചു വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുന്ന നിലയാണ്.    

ആലോചനായോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.വി. കുര്യന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന്‍, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, നൌഷാദ് ഇല്ലിക്കല്‍, ടി. പ്രസാദ്, കെ.എസ്. രാജു, ഷാജി ഷാസ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രഥമാധ്യാപകര്‍, സന്നദ്ധ, സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.