അഭിമാനപൂർവം

നെടുമുടി പുത്തൻചിറ വീട്ടിൽ ഡി.ത്രിവിക്രമൻ ഉയരങ്ങളിലേക്കുകയറുന്ന ജോലിക്കാരനാണ്.പക്ഷേ, 20നു ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന റൺ കേരള റണ്ണിൽ പങ്കെടുക്കുന്നതോടെ തന്റെ അഭിമാനം വാനോളം ഉയരുമെന്നു ചെത്തുതൊഴിലാളിയായ ത്രിവി‍ക്രമൻ പറയുന്നു. ദേശീയ തലത്തിൽ കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തുന്ന റൺ കേരള റണ്ണിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണു ത്രിവിക്രമൻ.

ഒപ്പമുണ്ട് വ്യാപാരികൾ
ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തുന്ന റൺ കേരള റൺകൂട്ടയോട്ടത്തിൽ ജില്ലയിലെ വ്യാപാര സമൂഹത്തിന്റെ പൂർണപിന്തുണയുണ്ടാകുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് നുജുമുദീൻ ആലുംമൂട്ടിൽ പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കൂട്ടയോട്ടത്തിൽ വ്യാപാരികൾ സകുടുംബം പങ്കെടുക്കും.

ഇതിന് റിഹേഴ്സൽ വേണ്ട
റിഹേഴ്സൽ കൂടാതെതന്നെ ദേശാഭിമാനത്തിനായി താൻറൺ കേരള റണ്ണിനൊപ്പം അണിചേരുമെന്നു നാടകനടൻ തോപ്പിൽ പ്രദീപ്. കലാകാരൻമാരെല്ലാം ഇതിന്റെ ഭാഗമാകണം. ഒരു പക്ഷേ, ഇനി ഇങ്ങനെയൊന്നുണ്ടാകുമോ എന്നു നമുക്ക് പ്രതീക്ഷിക്കാനാകില്ല. കെപിഎസിയുടെ നാടകത്തിന്റെ തിരക്കിലാണെങ്കിലും റൺ കേരള റണ്ണിൽകുടുംബസമേതം പങ്കെടുക്കാനാണു പ്രദീപിന്റെ തീരുമാനം.

ആവേശം വാനോളം
ദേശീയ ഗെയിംസ്കേരളത്തിലെത്തുമ്പോൾ കേരളീയരുടെ മനസ്സിലെ കായിക ആവേശവും വാനോളം ഉയരുകയാണെന്നു തഴക്കര എംഎസ് സെമിനാരി ഹൈസ്കൂളിലെ അധ്യാപകൻ ജോൺ കെ മാത്യു.കായികമേളകളെ മനസ്സറിഞ്ഞു പിന്തുണച്ച മലയാളികളെല്ലാം റൺകേരള റണ്ണിൽ പങ്കാളികളാകും. കേരളം 20ന് ഒരുമിച്ചോടുമ്പോൾ എന്റെ വിദ്യാലയത്തിന്റെ പ്രതിനിധികൾക്കൊപ്പം ഞാനും
ഓടും — അദ്ദേഹം പറഞ്ഞു.

കഴിയുന്നത്ര സഹകരിക്കും
തന്റെ ഓർമയിൽ ഇത്തരമൊരു ചരിത്രസംഭവം ആദ്യമാണെന്നു സ്വകാര്യബസ്കണ്ടക്ടറായ വയലാർ ചിറയിൽ സി.എസ്.അനീഷ്. ബസ് ജീവനക്കാരനെന്ന നിലയിൽ ഡ്യൂട്ടിയിൽ നിന്നുമാറി ഓട്ടത്തിൽ പങ്കെടുക്കാനാവുമോ എന്നറിയില്ല. പക്ഷേ, ഓട്ടത്തിൽ പങ്കെടുക്കുന്നവരെ സന്തോഷപൂർവം ബസിൽ അതതിടങ്ങളിൽ എത്തിച്ചെങ്കിലും ഇതുമായി സഹകരിക്കും —അദ്ദേഹം പറയുന്നു.

കർഷകരും അണിചേരും
ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള റൺ കേരള റൺകൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ കുട്ടനാടൻകർഷകരും തയാറാകുന്നു. ഓരോകർഷകനുംഓട്ടത്തിൽ പങ്കുചേരണമെന്നും അന്നത്തെ എല്ലാ പരിപാടികളും ഉപേക്ഷിച്ച് മക്കളെയും ഭാര്യയെയുംകൂട്ടി പങ്കെടുക്കാനാണ് തന്റെ തീരുമാനമെന്നും കർഷകനായ തങ്കച്ചൻ പാട്ടത്തിൽ പറയുന്നു.