റൺ കേരള റൺ: താമരശ്ശേരിയിൽ ഒരുക്കങ്ങൾ

താമരശ്ശേരി: ദേശീയ ഗെയിംസിന്റെ പ്രചാരണാർത്ഥം നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന് താമരശ്ശേരി മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു. ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷട്രീയ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ എന്നിവർ അതതു പ്രദേശത്തെ സ്കൂൾ പോയിന്റുകളിൽ എത്തി കൂട്ടയോട്ടത്തിൽ പങ്കെടുക്കും.

വി.എം.ഉമ്മർ എംഎൽഎ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.മുഹമ്മദ് എന്നിവർ താമരശ്ശേരിയിൽ റൺ കേരള റണ്ണിന്റെ ഭാഗമാകും. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കൻഡറിയിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടത്തിൽ അണി ചേരും. താമരശ്ശേരി വികസന സമിതി കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്ന് ചെയർമാൻ പി.സി. ഹബീബ് തമ്പി, കൺവീനർ ടി.ആർ.ഒ.കുട്ടൻ എന്നിവർ അറിയിച്ചു.

പഞ്ചായത്തിലെ ജനശ്രീ പ്രവർത്തകർ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കുന്ന കൂട്ടയോട്ടത്തിൽ പങ്കുചേരുമെന്ന് ജനശ്രീ താമരശ്ശേരി മണ്ഡലം പ്രസിഡന്റ് നവാസ് ഈർപ്പോണ പറഞ്ഞു. റൺ കേരള റണ്ണിന്റെ വിജയത്തിനായി പല കേന്ദ്രങ്ങളിലും സംഘാടക സമിതിയും രൂപവൽക്കരിച്ചിട്ടുണ്ട്. കൂട്ടയോട്ടത്തിൽ പെൻഷൻകാരും അണിനിരക്കുമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി ടി.വി.അബ്രഹാം അറിയിച്ചു.