റൺ കേരള റൺ ഇടുക്കി നെഞ്ചിലേറ്റണം: കലക്ടർ

 ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടം ഇടുക്കി ജില്ലയിൽ 276 കേന്ദ്രങ്ങളിൽ നടക്കും. 20ന് രാവിലെ 10.30-നാണ് കൂട്ടയോട്ടം. തൊടുപുഴ, ഇടുക്കി, കട്ടപ്പന എന്നിവിടങ്ങളിൽ മെഗാ റണ്ണും ഇതോടനുബന്ധിച്ചു സംഘടിപ്പിക്കും. അടിമാലി, കുമളി എന്നിവിടങ്ങളിൽ മിനി മെഗാ റണ്ണും നടത്തും. റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ വിജയത്തിനായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇന്നലെ നടന്ന യോഗത്തിൽ കലക്ടർ അജിത് പാട്ടീൽ അധ്യക്ഷനായിരുന്നു.റൺ കേരള റണ്ണിൽ ഇടുക്കിയിലെ ഓരോ വ്യക്തിയും ഉൽസാഹപൂർവം പങ്കാളിയായി അഭിമാനത്തോടെ നെഞ്ചിലേറ്റി കേരളത്തിന്റെ കായിക ചരിത്രത്തിനു നാഴികക്കല്ലാകണമെന്നു കലക്ടർ ആഹ്വാനം ചെയ്തു.

ലോകത്തുതന്നെ ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു കൂട്ടയോട്ടം നടത്തുന്നത്. ഇത് വിജയിപ്പിക്കാൻ ഓരോ പൗരനും കടമയുണ്ട്. കൂട്ടയോട്ടം വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഓരോ സർക്കാർ ഉദ്യോഗസ്ഥനും ഏറ്റെടുക്കണം. ഓട്ടത്തിൽ പങ്കാളിയാകണം. ഇൗ മാസം 17-നകം പഞ്ചായത്തു പ്രസിഡന്റുമാരും അംഗങ്ങളും പരിധിയിൽപ്പെടുന്ന സ്കൂളുകളിൽയോഗം വിളിച്ച് മുന്നൊരുക്കങ്ങളെക്കുറിച്ചു ചർച്ച ചെയ്യണം.ഗതാഗത, വൈദ്യ സഹായങ്ങളും ഇതോടനുബന്ധിച്ചു ക്രമീകരിക്കുമെന്നും കലക്ടർ അറിയിച്ചു. രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന ഛിദ്രശക്തികൾക്കെതിരെ ഉണർന്നു പ്രവർത്തിക്കാനുള്ള അവസരവും ശ്രമവുമായിരിക്കണം കൂട്ടയോട്ടവും കായിക മേളയുമെന്നുയോഗം ഉദ്ഘാടനം ചെയ്ത റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. റൺ കേരള റണ്ണിന്റെ മുൻനിരയിൽ താൻ ഉണ്ടാകുമെന്നുംഎംഎൽഎ അറിയിച്ചു. കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നതിനായി ആരും പ്രായം നോക്കേണ്ടെന്നും കേരളത്തിനായി, ഇടുക്കിക്കായി ഓടണമെന്നും റോഷി പറഞ്ഞു.റൺ കേരള റൺ മാമാങ്കമായി ആഘോഷിക്കണമെന്നും അതിന് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും പ്രസിഡന്റ് എ.പി. ഉസ്മാൻ ഉറപ്പു നൽകി.