മുൻ നിരയിൽ ഓടാൻ മണിയും മേരിയും ഡീൻ കുര്യാക്കോസും

തൊടുപുഴ ∙ റൺ കേരള റൺ കൂട്ടയോട്ടത്തിൽ ഇടുക്കി ജില്ലയിൽ ഓടാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. മണിയും കെ പി മേരിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും.‘‘ഒരുമയുടെ ഓട്ടമാണു റൺകേരള റൺ. ഇത് അവിസ്മരണീയമാക്കുകയാണു വേണ്ടത്. ഒരുമിച്ച് ഓടുന്നതല്ലേ ഒരുമയുടെ സന്ദേശം? ഇതിലൂടെ ഒരുമയുടെ സന്ദേശമാണു നമ്മൾ നാട്ടിലെത്തിക്കേണ്ടത്. കൂട്ടയോട്ടത്തിൽ ഉറപ്പായും പങ്കെടുക്കും. നാട്ടുകാരോടും വിദ്യാർഥികൾക്കുമൊപ്പം ഓടും. അടിമാലിയിൽ ഓടാനാണ് ഉദ്ദേശിക്കുന്നത്. അഞ്ചു കിലോ മീറ്റർ ഒക്കെ ഓടാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്. പ്രായം എനിക്കൊരു പ്രശ്നമല്ല. ഞാനും നല്ലൊരു ഓട്ടക്കാരനാണ്. കുട്ടിക്കാലത്തു മത്സരങ്ങളിലൊക്കെ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. കൂട്ടയോട്ടത്തിൽ ഒരു കൈ നോക്കാൻ ഞാനും മുൻനിരയിലുണ്ടാകും’’എം.എം. മണി പറഞ്ഞു.‘‘നാടിന്റെ ആഘോഷമാണ്റൺ കേരള റൺ. ഇതിൽ പങ്കെടുക്കേണ്ടതു നമ്മുടെ കടമയാണ്.

ഒരുമയുടെ ആഹ്ലാദമാണ് കൂട്ടയോട്ടങ്ങൾ. ഇതിൽ പങ്കെടുത്തു പ്രാതിനിധ്യം ഉറപ്പാക്കണമെന്ന തീരുമാനമാണ് എന്റേത്. എത്ര തിരക്കുണ്ടായാലും തൊടുപുഴയിൽ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കും’’എൻജിഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ പി. മേരി പറഞ്ഞു.റൺ കേരള റണ്ണിൽ ഉറപ്പായും പങ്കെടുക്കുമെന്നു ഡീൻ കുര്യാക്കോസ് പറഞ്ഞു. തൊടുപുഴയിലെ മെഗാ റണ്ണിൽ പങ്കെടുക്കും. നാടിന്റെ ഉത്സവമാണ് ദേശീയ ഗെയിംസ്. ഇതിൽ പങ്കെടുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്, ഉത്തരവാദിത്തമാണ്.എല്ലാ നാട്ടുകാരും ഇതിൽ പങ്കാളികളാകണമെന്നാണ് ഞാൻ അഭ്യർഥിക്കുന്നത്. സർക്കാരിന്റെ പരിപാടിയാണിത്. എല്ലാവരും പങ്കെടുത്തു നാടിന്റെ യശസ്സ് ഉയർത്തണം. ഇടുക്കിക്കുവേണ്ടി എല്ലാവരും ഓടണമെന്നും ഡീൻ പറഞ്ഞു.