റൺ കേരള റൺ: അവസാന ഒരുക്കത്തിൽ ഇടുക്കി

തൊടുപുഴ ∙ എവിടെയും ഒരുമിച്ചോടാനുള്ള ആവേശമാണിപ്പോൾ. ഇടുക്കിയുടെ ഓരോ കോണിലും ഇപ്പോൾ ചർച്ചാവിഷയം 20നു രാവിലെ 10.30നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടമാണ്. ഇടുക്കി ജില്ലയിൽ 296 കേന്ദ്രങ്ങളെ കൂടാതെ തൊടുപുഴ, കട്ടപ്പന, പൈനാവ് എന്നിവിടങ്ങളിൽ മെഗാ റണ്ണും, കുമളി, അടിമാലി എന്നിവിടങ്ങളിൽ മിനി റണ്ണും നടത്തും. ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിനാളുകൾ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾ, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ, രാഷ്ട്രീയ - സാംസ്കാരിക - സമുദായ സംഘടനകൾ, ക്ലബ്വുകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവ കൂട്ടയോട്ടത്തിൽ പങ്കെടുക്കും.

ജില്ലയിൽ ഇന്നലെയും വിവിധ കേന്ദ്രങ്ങളിൽ കൂട്ടയോട്ടത്തിന്റെ പ്രചാരണാർഥം വിവിധ പരിപാടികൾ നടന്നു. കൂട്ടയോട്ടത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ തൊഴിലാളികൾ അടിമാലിയിൽ വിളംബര റാലി നടത്തി. ത്രീ സ്റ്റാർ ഓട്ടോ ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗങ്ങളാണു റാലി നടത്തിയത്. പ്രസിഡന്റ് സാന്റോ പൂണേലി, സെക്രട്ടറി കരിം പാറേക്കാട്ടിൽ, സി.എം. സാജുമോൻ, പി.വി. രാജു, കെ.എം. നിഷാദ്, പി.കെ. മണി എന്നിവർ നേതൃത്വംനൽകി. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ കരാട്ടെ ക്ലബ്വിലെ കുട്ടികൾ തൊടുപുഴയിൽ നടത്തിയ കൂട്ടയോട്ടം ആവേശമായി. സ്കൂൾ മൈതാനത്തു നിന്നു കാഞ്ഞിരമറ്റം കവലയിലേക്കു റൺ കേരള റണ്ണിന്റെ പ്രചാരണാർഥം അൻപതോളം കുട്ടികളാണു കരാട്ടെ
വേഷത്തിൽ ഓടിയത്.

തുടർന്നു സ്കൂളിൽ കുട്ടികളുടെ കരാട്ടെ അഭ്യാസപ്രകടനവും നടന്നു. നഗരസഭാധ്യക്ഷൻ എ.എം. ഹാരിദ് ഓട്ടത്തിന്റെ ഫ്ളാഗ്ഓഫ് നിർവഹിച്ചു. കരാട്ടെ പരിശീലകൻ സെൻസായി സന്തോഷ് അഗസ്റ്റിൻ, കായികാധ്യാപകൻ റോയി തോമസ് തുടങ്ങിയവർ നേതൃത്വംനൽകി. നാളെ തൊടുപുഴ, പൈനാവ്, കട്ടപ്പന, കുമളി, അടിമാലി എന്നിവിടങ്ങളിൽ പ്രചാരണ പരിപാടികൾ നടത്തും. കൂട്ടയോട്ടത്തിന്റെ നടത്തിപ്പു സംബന്ധിച്ചു പഞ്ചായത്തുകളിൽ യോഗങ്ങൾ പൂർത്തിയായി.