മിനി റണ്ണിന്റെ കൊഴുപ്പുകൂട്ടാൻ ബാൻഡ്മേളവും ശിങ്കാരിമേളവും

കുമളി∙ കുമളിയിൽ നടക്കുന്ന മിനി റണ്ണിൽ 5000 പേരുടെ പങ്കാളിത്തം ഉറപ്പാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് വി. പൊൻരാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. അമലാംബിക കോൺവന്റ് ഇംഗ്ലിഷ് സ്കൂൾ, അട്ടപ്പള്ളം സെന്റ്തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സഹ്യജ്യോതി കോളജ്, കുമളി ബിഎഡ് സെന്റർ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കും അധ്യാപർക്കും പുറമെ വ്യാപാരികൾ, ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, യൂത്ത് ക്ലബ്ബുകൾ, വാനശാലകൾ, കുടുംബശ്രീ, വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികൾ തുടങ്ങിവർ റണ്ണിൽ അണിചേരും.

ബാൻഡ്മേളം, ശിങ്കാരിമേളം, വർണ ബലൂണുകൾ തുടങ്ങിയവ റണ്ണിനു കൊഴുപ്പുകൂട്ടും. റണ്ണിൽ പങ്കെടുക്കുന്ന മുഴുവൻപേർക്കും ദേശീയ ഗെയിംസിന്റെ ലോഗോ പതിച്ച സൺഷെയ്ഡുകൾ പെരിയാർ വന്യജീവിസങ്കേതം നൽകും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇവിടെ നിന്നുള്ളവർ യൂണിഫോം ധാരികളായി റണ്ണിൽ അണിനിരക്കുമെന്ന് പെരിയാർ വന്യജീവിസങ്കേതം ഡപ്യൂട്ടി ഡയറക്ടർ സഞ്ജയൻകുമാർ അറിയിച്ചു. മിനി റണ്ണിൽ പങ്കാളിത്തത്തിലും അവതരണത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് പെരിയാർ വൈൽഡ് ലൈഫ് സൊസൈറ്റി ട്രോഫി നൽകുമെന്ന് ചെയർമാൻ ഹൈദ്രോസ് മീരാൻ, കോ-ഓർഡിനേറ്റർ എ. മുഹമ്മദ് ഷാജി എന്നിവർ അറിയിച്ചു.

റൺ സമാപിക്കുന്ന സ്ഥലത്തു നടക്കുന്ന ചടങ്ങിൽ പെരിയാർ വന്യജീവിസങ്കേതം ഡപ്യൂട്ടി ഡയറക്ടർ സഞ്ജയൻകുമാർ ട്രോഫി സമ്മാനിക്കും. റണ്ണിൽ പങ്കെടുക്കുന്നവർക്കാവശ്യമായ വെള്ളം വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ക്രമീകരിക്കുമെന്ന് പ്രസിഡന്റ് ഷിബു എം. തോമസ് അറിയിച്ചു.