റൺ കേരള റൺ നാളെ:ആവേശമോടെ ഇടുക്കി

തൊടുപുഴ ∙ ഒരുമയുടെ കൂട്ടയോട്ടം നാളെ. കരുത്തും കൂട്ടായ്മയും തെളിയിക്കാൻ, മത്സരിച്ചോടി ജയിക്കാൻ ഇടുക്കി ഒരുങ്ങി. നാളെ രാവിലെ 10.30നാണ് കൂട്ടയോട്ടം. ദേശീയ ഗെയിംസിനോടനുബന്ധിച്ച ു നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടം ഇടുക്കി ജില്ലയിൽ 296 റണ്ണിങ് പോയിന്റുകളിലാണ് നടത്തുക. ഇതു കൂടാതെ തൊടുപുഴ, പൈനാവ്, കട്ടപ്പന എന്നീ കേന്ദ്രങ്ങളിൽ മെഗാ റണ്ണും അടിമാലി, കുമളി എന്നിവിടങ്ങളിൽ മിനി മെഗാ റണ്ണുകളും നടക്കും. കൂട്ടയോട്ടത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി ജില്ലാ കലക്ടർ അജിത് പാട്ടീൽ അറിയിച്ചു. പൊലീസിന്റെ ക്രമീകരണങ്ങൾ പൂർത്തിയായെന്നു ജില്ലാ പൊലീസ് മേധാവി അലക്സ് എം. വർക്കി പറഞ്ഞു. വിദ്യാഭ്യാസ—പഞ്ചായത്ത്—ആരോഗ്യ വകുപ്പുകളും ഇതു സംബന്ധിച്ച എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. ഇടുക്കി ജില്ലയിൽ സ്കൂൾ, കോളജ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റണ്ണിങ് പോയിന്റുകൾ നിശ്ചയിച്ചിരിക്കുന്നത്.

പുതുതായി പങ്കുചേരാൻ താൽപര്യമുള്ളവർക്ക് ഇൗ പോയിന്റുകളിൽ വിദ്യാർഥികളോടൊപ്പം പങ്കു ചേരാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, സമുദായ നേതാക്കൾ, രാഷ്്ട്രീയ പാർട്ടി നേതാക്കൾ, വിവിധസംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ,ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, ക്ലബ്വുകൾ,സർക്കാർ ജീവനക്കാർ, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കെടുക്കും.

കൂട്ടയോട്ടം നടക്കുന്ന വേളയിൽ രോഗിയുമായി എത്തുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത്തരക്കാർക്ക് അസൗകര്യങ്ങളുണ്ടാകരുതെന്നു പ്രത്യേകം നിർദേശിച്ചതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മെഗാ റൺ, മിനി റൺ നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം വൈദ്യസഹായം നൽകാൻ പ്രത്യേക സംവിധാനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് കൂട്ടയോട്ടം അവസാനിക്കും. ജലവിഭവമന്ത്രി പി.ജെ. ജോസഫ്, ജില്ലാകലക്ടർ അജിത് പാട്ടീൽ, ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം െക.പി. മേരി തുടങ്ങിയപ്രമുഖർ പങ്കെടുക്കും.