ദേശീയതയുടെ നേർക്കാഴ്ച്ചയായി വിളംബരയോട്ടം

ബംഗാൾ, ഒഡീഷ, തമിഴ്നാട്, ബിഹാർ,കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുള്ളവർ വിളംബരയോട്ടം നടത്തിയത് സ്മാർട്സിറ്റി പ്രദേശത്ത് കാക്കനാട് ∙ മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞ റൺ കേരള റണ്ണിനു പിന്തുണയുമായി ഇതര സംസ്ഥാനക്കാർ അണിനിരന്നപ്പോൾ അതു ദേശീയതയുടെ നേർക്കാഴ്ചയായി. ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടക്കുന്ന കൂട്ടയോട്ടത്തിന്റെ പ്രചാരണാർഥം സ്മാർട്സിറ്റി പദ്ധതി പ്രദേശത്ത് നടത്തിയ വിളംബരയോട്ടത്തിലാണ് ഭാഷയുടെ അതിർവരമ്പുകൾ മാറ്റി ഇതര സംസ്ഥാനക്കാരും അണിനിരന്നത്. ബംഗാൾ, ഒഡീഷ, തമിഴ്നാട്, ബിഹാർ, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികളാണ് റൺ കേരള റൺ വിജയിപ്പിക്കാനുള്ള വിളംബരയോട്ടത്തിൽ ആവേശത്തോടെ അണിചേർന്നത്.സ്മാർട്സിറ്റി പ്രോജക്ട് ഡയറക്ടർ കെ.കുര്യന്റെ നേതൃത്വത്തിലായിരുന്നു വിളംബരയോട്ടം. മുനിസിപ്പൽ ചെയർമാൻ പി.ഐ മുഹമ്മദാലി ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർമാരായ സേവ്യർ തായങ്കേരി, നൗഷാദ് പല്ലച്ചി, സ്മാർട്സിറ്റി നിർമാണ സൈറ്റിലെ ഡപ്യൂട്ടി പ്രോജക്ട് മാനേജർ ഗിരി ആർ. നായർ,സീനിയർ സേഫ്റ്റി ഓഫിസർ കെ രാജീവ്, സേഫ്റ്റി ഓഫിസർ രാഹുൽ രാജേന്ദ്രൻ, ലെയ്സൺ ഓഫിസർ ആർ. ഗോപകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കേരളം ആതിഥ്യം വഹിക്കാൻ പോകുന്ന ദേശീയ ഗെയിംസിനെ കുറിച്ചും അതിനു മുന്നോടിയായുള്ള റൺ കേരള റൺ പരിപാടിയെ കുറിച്ചും ഹിന്ദിയിൽ വിശദീകരിച്ചു കൊടുത്ത ശേഷമാണ് വിളംബര കൂട്ടയോട്ടം ആരംഭിച്ചത്. 20നു രാവിലെ 10നു കാക്കനാട്ട് നടത്തുന്ന കൂട്ടയോട്ടത്തിൽ അണിചേരാനെത്തുമെന്നു തൊഴിലാളികൾ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ റൺ കേരള റണ്ണിനെ കുറിച്ച് പ്രചാരണം നടത്തുമെന്നു മുനിസിപ്പൽ ചെയർമാൻ പറഞ്ഞു..