റൺ കേരള റൺ ആവേശത്തിൽ വ്യവസായ മേഖല

കളമശേരി ∙ ദേശീയ ഗെയിംസിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന റൺ കേരള റണ്ണിൽ പങ്കെടുക്കുന്നതിനു കൂടുതൽ സ്ഥാപനങ്ങളും സംഘടനകളും രംഗത്തെത്തി. കളമശേരി നഗരസഭയ്ക്കു പുറമെ ഏലൂർ നഗരസഭയും മിനി മെഗാ റൺ നടത്താനുള്ള തയാറെടുപ്പുകൾ തുടങ്ങി. വിളംബര ജാഥകൾ നടത്താനും റൺ കേരള റൺ കൂടുതൽ ആകർഷകമാക്കാനും സ്ഥാപനങ്ങൾ രംഗത്തെത്തി.

കളമശേരി പോളിടെക്നിക്കിൽ ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ മെഡിക്കൽ കോളജിലെ 100 ജീവനക്കാരും 500 വിദാർഥികളും പങ്കെടുക്കും. കളമശേരിയിലെ ഇന്റർനാഷനൽ ജിംനേഷ്യത്തിലെ ബോഡി ബിൽഡർമാരും പങ്കെടുക്കും.

കടുങ്ങല്ലൂർ പഞ്ചായത്തിലെ ഗ്ലോബൽ ട്രസ്റ്റിലെ 100ഓളം അംഗങ്ങൾ കളമശേരിയിലെ കൂട്ടയോട്ടത്തിൽ അണിനിരക്കും. ഏലൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ മുഴുവൻ അംഗങ്ങളും 20ന് നടക്കുന്ന കൂട്ടയോട്ടത്തിൽ പങ്കെടുക്കും.

ഏലൂരിൽ ഫാക്ട് ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ ഇന്ന് 5.30ന് വിളംബര ഓട്ടം നടത്തും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.എ. സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യാന്തര വോളിബോൾ താരം മുഹമ്മദ് നൈന, യൂസഫ് (കസ്റ്റംസ്), വോളിബോൾ താരം മാത്യു ജോസഫ് (റയിൽവേ), ബാസ്ക്കറ്റ് ബോൾ താരം മോളിമാത്യു, കബഡി താരം വി.എം.അഷറഫ് (റയിൽവേ), വേൾഡ് ബോഡി ബിൽഡിങ് താരം പീറ്റർ ജനാലിൽ, മുൻ സന്തോഷ്ട്രോഫി ക്യാപ്റ്റൻ ക്യാപ്റ്റൻ
മണി, മുനിസിപ്പൽ ചെയർമാൻ പി.എം. അയൂബ് എന്നിവർ വിളംബര ജാഥയ്ക്കു നേതൃത്വം നൽകും. രാവിലെ 10ന് ടെന്നിക്കോയ് ടീമംഗങ്ങളും കബഡി ടീമംഗങ്ങളും പങ്കെടുക്കുന്ന റാലി.

ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റൺ കേരള റണ്ണിനായി എംഇഎസ് ഈസ്റ്റേൺ സ്കൂൾ വിദ്യാർഥികൾ തിങ്കളാഴ്ച വിളംബര ജാഥ നടത്തും. രാവിലെ 10ന് സ്കൂളിൽ നിന്നു പാതാളം വരെയുള്ള വിളംബര കൂട്ടയോട്ടത്തിൽ വിദ്യാർഥികളോടൊപ്പം അധ്യാപകരും പിടിഎ ഭാരവാഹികളും പങ്കെടുക്കും.