നാടിന്റെ കൂട്ടായ്മയായി വിളംബര റാലികൾ

കൊച്ചി∙ ദേശീയ ഗെയിംസിനു മുന്നോടിയായി 20ന് നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന് പിന്തുണയുമായി നഗരത്തിൽ ജില്ലാ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആവേശകരമായ വിളംബര കൂട്ടയോട്ടം.മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച കൂട്ടയോട്ടത്തിൽ ദേശീയ ഗെയിംസിൽ കേരളത്തിനായി മൽസരിക്കുന്ന താരങ്ങളും പൗരപ്രമുഖരും പൊതുജനങ്ങളും വിദ്യാർഥികളും ഉൾപ്പെട നൂറുകണക്കിനുപേരാണ് അണിചേർന്നത്. മന്ത്രി കെ ബാബുഫ്ലാഗ് ഓഫ് ചെയ്തു.

എംഎൽഎമാരായ ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ലുഡി ലൂയിസ് എന്നിവർ സംബന്ധിച്ചു. ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡ് വഴി രാജേന്ദ്ര മൈതാനത്തിനു മുന്നിൽ സമാപിച്ച വിളംബര കൂട്ടയോട്ടത്തിൽ കേരളത്തിന്റെ ഫെൻസിങ്, ആർച്ചറി, ലോൺ ബോൾ ടീം അംഗങ്ങൾ, വടയമ്പാടി പരമ ഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ, തമ്മനം റിഥം ക്ലബ് അംഗങ്ങൾ തുടങ്ങിയവർ അണിചേർന്നു. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ജോഷി പള്ളൻ, സിജി വൈറ്റി, സിസ്റ്റർ റെനിത, സിസ്റ്റർ ജോസ്ന, ഷിഹാൻ എൻ.എം. അഷറഫ്, ജി.സജീവൻ എന്നിവർ നേതൃത്വം നൽകി. കൂട്ടയോട്ടം സമാപിച്ചതിനെ തുടർന്ന് രാജേന്ദ്ര മൈതാനിയിൽ നെടുമ്പാശേരി ഗോൾഡൺ ഫാൽക്കൺ മാർഷ്യൽആർട്സ് അക്കാദമി കരാട്ടെ ടീംഅവതരിപ്പിച്ച കരാട്ടെ പ്രദർശനവുമുണ്ടായിരുന്നു.