നമ്മൾ ഒറ്റക്കെട്ട്

ടിനി ടോം (നടൻ)
ഞാൻ ആദ്യമായി ഒരു കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നത് സെന്റ് ആൽബർട്സിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ്. അന്ന് ഞാൻ ഫസ്റ്റ് പിഡിസി റെപ്പായിരുന്നു. ആൽബർട്ട്സിൽ ഗ്രൗണ്ടില്ലാത്തതിനെതിരെ കോളജിനു മുന്നിലെ റോ‍ഡിൽ ഫുട്ബോളും ക്രിക്കറ്റും കളിച്ചു പ്രതിഷേധിച്ചപ്പോഴാണ് പോലീസ് ഒാടിച്ചത്. അന്ന് പൊലീസിനെ പേടിച്ചു മാരത്തൺ ഒാടിയെങ്കിലും കലൂർ സ്റ്റേഡിയത്തിനു മുന്നിൽ ആൽബർട്സിനു ഗ്രൗണ്ടുണ്ടായി. ഇപ്പോഴും അതു വഴി പോകുമ്പോൾ ഈ സംഭവം ഒാർമ്മയിലെത്തും. സമരം ചെയ്തതിന്റെ പേരിൽ ഡിഗ്രിക്ക് ആൽബർട്സിൽ പ്രവേശനം നൽകിയില്ല. അങ്ങനെ മഹാരാജാസിൽ എത്തി. കായിക ലോകത്ത് എത്തേണ്ട എന്നെ കലാലോക ത്തെത്തിച്ചതിനും ആ ഒാട്ടം നിമിത്തമായി. അതിനു ശേഷം ഇപ്പോൾ റൺ കേരള റണിനു വേണ്ടിയാണ് ഒാടാനൊരുങ്ങുന്നത്. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ദേശീയ ഗെയിംസിനു നമ്മൾ ഒറ്റക്കെട്ടായി, തയ്യാറാണെന്നു വിളിച്ചറിയിക്കുന്നതാണ് ഈ കൂട്ടയോട്ടം.