റൺ കേരള റൺ: മെഗാ റണ്ണിനായി കൊച്ചി ഒരുങ്ങി

കൊച്ചി∙ നാളെ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ ജില്ലയിലെ മെഗാ റണ്ണിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10.30ന് ദർബാർഹാൾ മൈതാനത്തുനിന്നാരംഭിക്കുന്ന മെഗാ റൺ ദർബാർഹാൾ റോഡിലൂടെ ബിടിഎച്ച് ജംക് ഷനിലെത്തി പാർക്ക് അവന്യു റോഡ്, ജനറൽ ആശുപത്രി റോഡ്, പി.ടി. ഉഷ റോഡ് വഴി മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് സമാപിക്കുന്നത്.ഇതിന്റെ ഭാഗമായി നഗരത്തിൽ അന്നു രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നു സംഘാടക സമിതി കൺവീനറും ട്രാഫിക് എസിയുമായ ക.എസ്. ബേബി വിനോദ് അറിയിച്ചു.നഗരപരിധിയിലെ 43 സ്കൂകളിൽ നിന്നുള്ള വിദ്യാർഥികളും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുക്കുന്ന കൂട്ടയോട്ടത്തിനായുള്ള മുന്നൊരുക്കങ്ങൾ എംഎൽഎ ഹൈബി ഈഡന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.

രാവിലെ ഒൻപത് മുതൽ സ്കൂൾ ബസുകളിൽ കുട്ടികളെ ഗ്രൗണ്ടിൽ എത്തിക്കണം.ഓരോ സ്കൂളിലെയും കുട്ടികളെ ഒരുമിച്ച് നിർത്താൻ പ്രത്യേക സ്ഥലം അടയാളപ്പെടുത്തി നൽകും. ഗ്രൗണ്ടിലെ പുൽത്തകിടിയിലും ഇരുവശങ്ങളിലുമായുളള നടപ്പാതയിലുമായാണ് വിദ്യാർഥികൾ അണിനിരക്കേണ്ടത്. മുഖ്യ പ്രവേശന കവാടത്തിൽ ദർബാർ ഹാളിനു മുൻവശത്തുള്ള സ്ഥലത്തും ദർബാർഹാൾ റോഡിലുമായാണു സംഘടന, സ്ഥാപന ടീമുകളും പൊതുജനങ്ങളും അണിനിരക്കേണ്ടത്.പ്രമുഖർ ഓടുന്ന ആദ്യ നിരയ്ക്കു പിന്നാലെ സ്കൂൾ തിരിഞ്ഞ് വിദ്യാർഥികൾ നിരയായി ഓടും. വിദ്യാർഥികൾ പൂർണമായും ഗ്രൗണ്ടിൽനിന്നു പുറത്തേക്ക് ഓടിക്കഴിഞ്ഞ ശേഷമാവും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ടീമുകൾക്കും പൊതുജനങ്ങൾക്കും ഓടാൻ അവസരം. സ്കൂൾ ബസുകൾ കുട്ടികളെ ദർബാർ ഹാൾ ഗ്രൗണ്ടിനു മുന്നിൽ ഇറക്കിയ ശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ടിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിനു തെക്കു വശത്തുള്ള ഹോക്കി ഗ്രൗണ്ടിലുമായി പാർക്ക് ചെയ്ത ശേഷം 11ന് മഹാരാജാസ് ഗ്രൗണ്ടിനു സമീപം എത്തി ഓട്ടം പൂർത്തിയാക്കുന്ന കുട്ടികളെ കയറ്റി മടങ്ങിപ്പോകണ്ടേതാണ്. മറ്റു വാഹനങ്ങൾ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ പാർക്ക്ചെയ്ത ശേഷം ആളുകൾ ദർബാർഹാൾ ഗ്രൗണ്ടിലേക്ക് എത്തണം.