ജനങ്ങളുടെ മുഴുവൻ പിന്തുണയും

സണ്ണി ജോസഫ് എംഎൽഎ ഇരിട്ടി∙ ഇരുപത്തിയേഴ് വർഷത്തിനുശേഷം ദേശീയ ഗെയിംസിന് കേരളം ആതിഥ്യമരുളുമ്പോൾ സംസ്ഥാനത്തെ ജനങ്ങളുടെ മുഴുവൻ പിന്തുണയും അറിയിക്കുന്നതിനായാണ് റൺ കേരള റൺ കൂട്ട ഓട്ടം 20 ന് 10.30 ന് സംഘടിപ്പിക്കുന്നത്. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ദേശീയ ഗെയിംസിന് പിന്തുണയും നാടിന്റെ ഒരുമയും വ്യക്തമാക്കികൊണ്ടുള്ള അതിശക്തമായ ജനകീയ കൂട്ടായ്മയിൽ നന്മയുടെയും ഐക്യത്തിന്റെയും സന്ദേശം പകരുക കൂടിയാണ് റൺ കേരള റൺ കൂട്ട ഓട്ടം. സംസ്ഥാനത്തെ ഏഴായിരം കേന്ദ്രങ്ങളിലായാണ് ഒരേ സമയം കൂട്ട ഓട്ടം നടക്കുന്നത്. ഈ ദേശീയ കായിക മാമാങ്കത്തെ വരവേല്ക്കാൻ കേരള ജനത ഒന്നാകെ തയ്യാറാണെന്ന സന്ദേശം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടും അതിനൊപ്പം ഉണർവും പ്രസരിപ്പും നിലനിർത്തികൊണ്ടും കേരളം ഒന്നായി ഓടുമ്പോൾ അതിന്റെ പിന്നിൽ ആ ഒരു ചങ്ങലയിൽ കോർക്കുന്ന മുത്തുകളിൽ ഒന്നായി മാറുവാൻ എന്റെ മനസും തയാറായിക്കഴിഞ്ഞു. ഇരിട്ടിയിലെ കേന്ദ്രത്തിൽ ഞാനും ഈ കൂട്ട ഓട്ടത്തിന്റെ ഭാഗമായി അണിചേരും. ഈ ജനകീയ ഉത്സവത്തിന്റെ വിജയത്തിന് ഏവരുടെയും മനസിന്റെയും ശരീരത്തിന്റെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും അഭ്യർഥിക്കുന്നു.