മെഗാറണ്ണിൽ വൻജനപങ്കാളിത്തം

കണ്ണൂർ∙ നഗരത്തിലെ റൺ കേരള റൺ മെഗാറണ്ണിൽ വൻജനപങ്കാളിത്തം. പരമാവധി പതിനായിരം പേരെയാണു പ്രതീക്ഷിച്ചതെങ്കിലും ഇരുപതിനായിരത്തിൽപരം പേർ പങ്കെടുത്തതായാണു സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ കണക്ക്. സ്റ്റാർട്ടിങ് പോയിന്റായ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ഓട്ടക്കാർ പൂർണമായി പുറത്തു കടക്കാൻ 35 മിനിറ്റ് വേണ്ടി വന്നു. ഒന്നര കിലോ മീറ്റർ അകലെ കലക്ടറേറ്റിനു മുമ്പിൽ മുൻനിര ഓടിയെത്തുമ്പോഴും സ്റ്റാർട്ടിങ് പോയിന്റ് കാലിയായിരുന്നില്ല. എ.പി. അബ്ദുല്ലക്കുട്ടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സിനിമാതാരങ്ങളായ സനുഷ, അഞ്ജു അരവിന്ദ്, എസ്തർ, സുബീഷ്, ഗായിക സയനോര, തെലുങ്കു ഹിറ്റ് സിനിമകളിലെ നായിക സുനിത മാരസ്യാർ, ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, പഴയകാല കായിക താരങ്ങൾ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, പട്ടാളക്കാർ തുടങ്ങിയവർ പങ്കെടുത്തു. .