റൺ കേരള റൺ: ആവേശത്തോടെ സംഘടനകൾ

പയ്യന്നൂർ: 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യന്നൂർ മണ്ഡലം കമ്മിറ്റി പങ്കെടുക്കും. കൂട്ടയോട്ടത്തിൽ പങ്കെുക്കാൻ കൊക്കാനിശേരി മഠത്തുംപടി ക്ഷേത്രം ഉൽസവാഘോഷ കമ്മിറ്റി യോഗം തീരുമാനിച്ചു. എം. സുരേഷ് അധ്യക്ഷത വഹിച്ചു. എ.വി. ഗോവിന്ദൻ അടിയോടി, കെ.വി. ശശിധരൻ നമ്പ്യാർ, കെ.കെ. ശ്രീധരൻ, ഗായത്രി അടിയോടി, എ.വി. ശശികുമാർ പ്രസംഗിച്ചു. റൺ കേരള റൺ കൂട്ടയോട്ടത്തിൽ കത്തോലിക്ക കോൺഗ്രസ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളും രൂപതാ, മേഖലാ, യൂണിറ്റുതല ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കുമെന്നു കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അറിയിച്ചു.

പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ പൂർവ വിദ്യാർഥികൾ വെറ്ററൻ കായികതാരം റിട്ട. ഡിഇഒ പി.എം. ദാമോദരൻ അടിയോടിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടത്തിൽ അണിചേരും. കേരള റോഡ് ആക്സിഡന്റ് അവയർനെസ് ഫോറം കൂട്ടയോട്ടത്തിൽ പങ്കാളികളാകുമെന്നു പി.ജെ. സെബാസ്റ്റ്യൻ അറിയിച്ചു. കെസിവൈഎം കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്കൊപ്പം റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കും.