റൺ കേരള റൺ: ആറളത്ത് എല്ലാവരും ഓടും

ഇരിട്ടി: ദേശീയ ഗെയിംസിനെ വരവേൽക്കുന്നതിനായി 20നു 10.30ന് നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം വിജയിപ്പിക്കാൻ ആറളം പഞ്ചായത്തുതല അവലോകന യോഗം കർമപദ്ധതികൾ തയാറാക്കി. പഞ്ചായത്തിലെ മുഴുവൻ റണ്ണിങ് പോയിന്റുകളിലും അതത് മേഖലയിലെ മുഴുവൻ ജനവിഭാഗവും പങ്കെടുക്കും. മുഴുവൻ സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും അണിചേരും. യോഗം ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലീലാമ്മ തോമസ്, സ്ഥിരം സമിതി അധ്യക്ഷ റെയ്ഹാനത്ത് സുബി, സെക്രട്ടറി ബാബു ജോസഫ്, കൃഷി ഓഫിസർ ടി.വൈ. ജയൻ, വെറ്ററിനറി സർജൻ ഡോ. പി.എൻ. ഷിബു, ഹെൽത്ത് ഇൻസ്പെക്ടർ മുരളി എന്നിവർ പ്രസംഗിച്ചു.