ജില്ലയിൽ ആറിടത്ത് മെഗാ റണ്ണുകൾ

കൊല്ലം . കേരളക്കരയാകെ ഒറ്റച്ചരടിൽ കോർത്ത് ഈ മാസം 20 ന് നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിനൊപ്പം ജില്ലയിൽ ആയിരങ്ങൾ അണിനിരക്കുന്ന മെഗാ റണ്ണുകളും അരങ്ങേറും. ജില്ലാ ആസ്ഥാനത്ത് കോളജ് ജംക്ഷനു സമീപം ശാരദാമഠത്തിനു മുന്നിൽ നിന്നാണ് ജില്ലാതല മെഗാ റൺ ആരംഭിക്കുക. ഇതിനു പുറമെ മറ്റ് അഞ്ച് താലൂക്ക് കേന്ദ്രങ്ങളിലും മിനി മെഗാ റണ്ണുകൾ അരങ്ങേറും. ശാരദാ മഠത്തിനു മുന്നിൽ നിന്നു തുടങ്ങി എസ്എൻ കോളജിനു മുന്നിലൂടെ എആർ ക്യാംപ് ജംക്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിൽ സമാപിക്കും. ശാരദാ മഠം ജംക്ഷനിൽ മന്ത്രി കെ.സി ജോസഫ് റൺ ഫ്ലാഗ് ഓഫ് ചെയ്യും. കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ താലൂക്ക് കേന്ദ്രങ്ങളിൽ ഇതേ സമയം മിനി മെഗാ റണ്ണും അരങ്ങേറും. ജനപ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമീപത്തെ സ്കൂളുകൾ, കോളജുകൾ, റസിഡൻസ് അസോസിയേഷനുകൾ, വിവിധ ക്ലബുകൾ, മറ്റു സംഘടനകൾ, സാമുദായിക- സാമൂഹിക സംഘടനകൾ തുടങ്ങിയവ മെഗാ റണ്ണിൽ പങ്കുചേരും. സാംസ്കാരിക നായകർ, തൊഴിലാളികൾ, കൂലിവേലക്കാർ, വിദ്യാർഥികൾ, അധ്യാപകർ, കായികതാരങ്ങൾ, വ്യാപാരി-വ്യവസായികൾ, സന്നദ്ധ പ്രവർത്തകർ, കുട്ടികൾ, യുവാക്കൾ കയർ-കശുവണ്ടി-മത്സ്യ-മോട്ടോർ തൊഴിലാളികളടക്കം വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ, അംഗൻവാടികളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർ തുടങ്ങി സമൂഹം ഒന്നടങ്കം കൂട്ടയോട്ടത്തിനു ശക്തി പകരാനെത്തും. അലങ്കാരദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, റോളർ സ്കേറ്റിങ് പ്രതിഭകൾ തുടങ്ങിയവർ ഈ ജനകീയ സംരംഭത്തിന് മാറ്റേകും. പ്രായഭേദമില്ലാതെ, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ കായിക കരുത്തിന്റെ ചുവടുവച്ച് കേരളം നടത്തുന്ന മഹാപ്രയാണത്തിന് ജില്ലയിലെമ്പാടും ഒരുക്കങ്ങൾ തകൃതിയായി പൂർത്തിയാകുകയാണ്. 20 ന് രാവിലെ 10.30 നും 11.30 നും മധ്യേ ജില്ലയിൽ മുൻകൂർ റജിസ്റ്റർ ചെയ്ത 580 കേന്ദ്രങ്ങൾക്കു പുറമെ, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അതത് മേഖലകളിലും ഒട്ടേറെ കൂട്ടയോട്ടങ്ങൾ നടക്കും.