ആവേശയോട്ടത്തിൽ ചേരാൻ ജനകീയ സംഘടനകളും

കൊല്ലം . കേരളമെമ്പാടും ആവേശം വാരി വിതറി ഈ മാസം 20 നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം സ്ത്രീകളും കുട്ടികളും അടക്കമുള്ള പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും. സ്കൂളുകൾ, കോളജുകൾ തുടങ്ങിയവയ്ക്കു പുറമെ നിത്യേന രാഷ്ട്രീയ സംഘടനകൾ ഉൾപ്പെടെ ഒട്ടേറെ സംഘടനകളും സ്ഥാപനങ്ങളുമാണ് കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അതത് പ്രദേശത്ത് കൂട്ടയോട്ടം സംഘടിപ്പിക്കാം. നിശ്ചലദൃശ്യങ്ങൾ, കലാരൂപങ്ങൾ എന്നിവ അണിനിരത്തിയാണ് മിക്കയിടത്തും ജനകീയ സംഘടനകൾ റൺ കേരള റണ്ണിൽ അണിചേരുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ജില്ലാതല മെഗാ റൺ നടക്കുന്ന ശാരദാമഠത്തിനു മുന്നിൽ നിന്ന് കൂട്ടയോട്ടത്തിൽ അണിചേരും.

മഹിളാ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ ബിന്ദുകൃഷ്ണ, ജില്ലാ പ്രസിഡന്റ് കൃഷ്ണവേണി ജി. ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ കൂട്ടയോട്ടത്തിൽ അണിചേരും. ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ പതിനായിരം അംഗങ്ങൾ കൂട്ടയോട്ടത്തിൽ അണി ചേരുമെന്ന് ജില്ലാ ചെയർമാൻ എം. ഭാസ്കരൻ അറിയിച്ചു. കന്യാകുമാരി മുതൽ മുണ്ടക്കയം വരെ വ്യാപിച്ചു കിടക്കുന്ന വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയനു കീഴിലുള്ള 150 ക്ലബുകളിലെ മൂവായിരത്തിലേറെ അംഗങ്ങൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കുമെന്ന് റീജനൽ ഡയറക്ടർ കെ.പി രാമചന്ദ്രൻ നായർ അറിയിച്ചു. വൈസ് മെൻ ഇന്റർനാഷണൽ സോൺ രണ്ടിന്റെ കീഴിലുള്ള കൊല്ലം മേഖലയിലെ ക്ലബുകളിൽ നിന്നുള്ള അംഗങ്ങൾ ശാരദാമഠത്തിനു മുന്നിൽ നിന്നാരംഭിക്കുന്ന മെഗാ റണ്ണിൽ പങ്കെടുക്കാൻ 20 ന് രാവിലെ 9.45 ന് എത്തണമെന്ന് ലഫ്ടനന്റ് റീജനൽ ഡയറക്ടർ എൻ. സതീഷ്കുമാർ അറിയിച്ചു. സോണൽ പരിധിയിലുള്ള കരുനാഗപ്പള്ളി, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര മേഖലയിലുള്ളവർ അതത് പ്രദേശത്ത് കൂട്ടയോട്ടത്തിൽ പങ്കെടുക്കണം.
കൂട്ടയോട്ടത്തിൽ വൈഎംസിഎ യുടെ പൂർണ പങ്കാളിത്തം ഉണ്ടാകുമെന്ന് വൈഎംസിഏ സ്റ്റേറ്റ് പബ്ലിക് റിലേഷൻസ് ചെയർമാൻ കെ.ഒ രാജുക്കുട്ടി അറിയിച്ചു. ജില്ലയിലെ 51 യൂണിറ്റുകളിലെ അംഗങ്ങൾ സകുടുംബം കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്ന് സബ് റിജിയൻ ചെയർമാൻ ജോർജ് വർഗീസ്, പുനലൂർ സബ് റിജിയൻ ചെയർമാൻ എൽ. ബാബു എന്നിവർ പറഞ്ഞു.

മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി അഞ്ഞൂറോളം പേർ ആശുപത്രിക്കു മുന്നിൽ നിന്ന് പൂയപ്പള്ളി ജംക്ഷനിലേക്ക് കൂട്ടയോട്ടം നടത്തും. ഡോ. നായേഴ്സ് ഹോസ്പിറ്റലും ഡോ. നായേഴ്സ് സ്കൂൾ ഓഫ് നഴ്സിങും കൂട്ടയോട്ടത്തിൽ പങ്കെടുക്കും. ഡയറക്ടർ പി. മോഹനൻനായരുടെ നേതൃത്വത്തിൽ ഡോക്ടർമാർ, ജീവനക്കാർ, നഴ്സിങ് വിദ്യാർഥികൾ തുടങ്ങിയവർ അണിചേരും. റൺ കേരള റണ്ണിൽ മലയാള കലാകാരന്മാരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ നന്മ യൂണിയനും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി മോഹൻ കുരീപ്പുഴ അറിയിച്ചു. തിരുവാതിര, മാർഗംകളി, ഒപ്പന എന്നീ വേഷധാരികളായ കലാകാരന്മാരും നന്മയുടെ ബാനറിനു കീഴിൽ ഹൈസ്കൂൾ ജംക്ഷനിൽ അണി നിരക്കും.
ഓൾ കേരള ഫൊട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗങ്ങൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. കേരള പ്രിന്റേഴ്സ് അസോസിയേഷൻ,കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ (യുടിയുസി) തുടങ്ങി ഒട്ടേറെ സംഘടനകൾ അതത് കേന്ദ്രങ്ങളിൽ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. കൂട്ടയോട്ടത്തിൽ കൊല്ലം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അണിനിരക്കുമെന്ന് പ്രസിഡന്റ് എസ്.സി ബോസ്, സെക്രട്ടറി ലോറൻസ് ബാബു എന്നിവർ അറിയിച്ചു. കൊല്ലം ബാങ്കേഴ്സ് ക്ലബ് അംഗങ്ങൾ തേവള്ളിയിൽ കൂട്ടയോട്ടം നടത്തുമെന്ന് പ്രസിഡന്റ് ജി. മോഹൻകുമാർ, സെക്രട്ടറി എം.ജെ. ബാലചന്ദ്രൻ നായർ എന്നിവർ അറിയിച്ചു.