ആവേശം പകര്‍ന്നു കുരുന്നുകള്‍

. ചെറുമൂട് തൊണ്ടിറക്കുമുക്ക് മൌണ്ട് കാര്‍മല്‍ സ്കൂളിന്റെ നേതൃത്വത്തില്‍ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന്റെ പ്രചാരണാര്‍ഥം ഇന്നു 10.30നു വിളംബര കൂട്ടയോട്ടം നടത്തുമെന്നു സ്കൂള്‍ മാനേജര്‍ എം. മാത്യു അറിയിച്ചു. വില്ലേജ് ജംക്ഷനില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ വേലുത്തമ്പിദളവ, മഹാബലി, സച്ചിന്‍, പി.ടി. ഉഷ തുടങ്ങിയവരുടെ വേഷം ധരിച്ചവര്‍ പങ്കെടുക്കും.

. കുണ്ടറ നാന്തിരിക്കല്‍ ട്രിനിറ്റി ലൈസിയം സ്കൂളില്‍ 20നു നടക്കുന്ന കൂട്ടയോട്ടത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ നടത്തുന്ന റോളര്‍ സ്കേറ്റിങ്, കരാട്ടേ, ബാന്‍ഡ്മേളം തുടങ്ങിയവ പരിപാടിക്കു മാറ്റുകൂട്ടും. സ്കൂളിലെ മുന്നൂറിലധികം വിദ്യാര്‍ഥികളും അന്‍പതിലധികം അധ്യാപകരും മുക്കടയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കാളികളാവുമെന്നു പ്രിന്‍സിപ്പല്‍ എം.പി. ജോസഫ് അറിയിച്ചു.

. വ്യത്യസ്തമായ പരിപാടികളിലൂടെ കുട്ടികളെ അണിനിരത്താനാണു വെള്ളിമണ്‍ പാലക്കടവ് സാരംഗ് പബ്ളിക് സ്കൂള്‍ ശ്രമിക്കുന്നത്. സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി നടത്തിവരുന്നതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. കവിത പറഞ്ഞു.

. ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റണ്‍ കേരള റണ്ണിനു പിന്തുണയുമായി എംജിഡി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും എംജിഡി ഗേള്‍സ് ഹൈസ്കൂളും രംഗത്തെത്തി. ചൊവ്വാഴ്ച നടത്തുന്ന കൂട്ടയോട്ടത്തില്‍ രണ്ടു സ്കൂളുകളിലെയും മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയതായി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. ജോര്‍ജുകുട്ടിയും ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ലിസി ജോര്‍ജും അറിയിച്ചു. പരിപാടിയുടെ പ്രചാരണാര്‍ഥം ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഇന്നു വിളംബരജാഥ നടത്തും. മൂന്നിനു സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ പള്ളിമുക്ക് ചുറ്റി സ്കൂളില്‍ സമാപിക്കുമെന്നു സ്കൂള്‍ പിടിഎ പ്രസിഡന്റ് മുളവന രാജേന്ദ്രന്‍, ഹെഡ്മിസ്ട്രസ് ലിസി ജോര്‍ജ്, പിടിഎ സെക്രട്ടറി ജേക്കബ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.