വിളംബരജാഥകളും മനുഷ്യച്ചങ്ങലയും: റൺ കേരള റൺ തകർക്കുന്നു

കൊട്ടാരക്കര ∙ റൺ കേരള റണ്ണിനു മുന്നോടിയായി വർണാഭമായ വിളംബരയാത്രകൾ. കൊട്ടാരക്കരയുംപരിസരങ്ങളും വർണക്കടലായി മാറി. ഇന്നലെ നാലു ഘോഷയാത്രകളാണ് നടന്നത്. ഇന്നും വിളംബര ഘോഷയാത്രകൾ ഉണ്ടാകും. രാവിലെ 9.30നു തൃക്കണ്ണമംഗൽ എസ്കെവി എച്ച്എസ്എസ് വിദ്യാർഥികൾ വിളംബരയാത്ര നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വർഗീസ് വടക്കടത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

എസ്പിസി, എൻസിസി, ജെആർസി, എൻഎസ്എസ് അകമ്പടിയോടെ നടത്തിയ ഘോഷയാത്രയ്ക്കു പ്രിൻസിപ്പൽ കെ. തുളസീധരൻ നായർ, പിടിഎ പ്രസിഡന്റ് ജോണി ചെക്കാല, നല്ലപാഠം കോ-ഓർഡിനേറ്റർ സൈമൺ ബേബി, എം. മധുസൂദനൻ പിള്ള, എസ്. പ്രദീപ്കുമാർ, ജേക്കബ് ജോർജ്, ഷീലാകുമാരി എന്നിവർ നേതൃത്വം നൽകി. കൊട്ടാരക്കര ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ട്രെയിനിങ് കോളജിലെ ബിഎഡ്, എംഎഡ് വിദ്യാർഥികൾ റൺ കേരള റണ്ണിന് അഭിവാദ്യവുമായി പുലമൺ ജംക്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു.

പ്രിൻസിപ്പൽ ജി.റോയി, ലോക്കൽ മാനേജർ ഫാ. ഡി. ജോർജ്കുട്ടി, പ്രിൻസമ്മ കെ. ജോർജ്, നിമ്മി വർഗീസ്, ആർ. ആര്യ, ഹരികുമാർ, അനിൽ ഇടിസി, ശാന്തി എന്നിവർ നേതൃത്വം നൽകി. റൺ കേരള റണ്ണിന്റെ പ്രചാരണ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി ജീവനക്കാർ വിളംബരയാത്ര നടത്തി. സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ആർഎംഒ ഡോ. ഡാർവിൻ സി. പേൾ, സ്റ്റാഫ് സെക്രട്ടറി ഇ.ജി. ബെന്നി, ഡോ. തോമസ് ഇടിക്കുള, ഡോ. സുനിൽ, ഡോ. ബോബി എന്നിവർ നേതൃത്വം നൽകി നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ജീവനക്കാരും നടത്തിയ റാലി കൊട്ടാരക്കര കച്ചേരിമുക്കിൽ നിന്ന് ആരംഭിച്ച് പുലമൺ വഴി റയിൽവേ സ്റ്റേഷൻ ജംക്ഷനിൽ സമാപിച്ചു. മാനേജർ കെ. സുരേഷ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ് കെ. ആർ. ഗീത, പിടിഎ പ്രസിഡന്റ് കെ.ജി. മണിലാൽ എന്നിവർ നേതൃത്വം നൽകി.