റണ്‍ കേരള റണ്‍: പുലാമന്തോളില്‍ പഞ്ചായത്ത്തല വിളംബര ജാഥ

പുലാമന്തോള്‍ . ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന്റെ ഭാഗമായി നാളെ പഞ്ചായത്ത്തല വിളംബര ജാഥ നടത്താന്‍ പുലാമന്തോള്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. വിളംബരജാഥ വൈകിട്ടു മൂന്നിനു പുലാമന്തോള്‍ യുപി സ്കൂളില്‍നിന്ന് ആരംഭിച്ച് ടൌണില്‍ സമാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഫ്ലാഗ്ഓഫ് ചെയ്യും. സ്കൂള്‍ അധികൃതര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

20ന് രാവിലെ 10.30ന് സ്കൂളുകളിലെ റണ്ണിങ് പോയിന്റുകളില്‍നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡിലെത്തി സംഗമിച്ചു പുലാമന്തോള്‍ ജംക്ഷനിലെത്തി മടങ്ങും. പ്രസിഡന്റ് എം.കെ. റഫീഖ ചെയര്‍മാനും സെക്രട്ടറി പി.കെ. ഖാലിദ് കണ്‍വീനറുമായി സംഘാടക സമിതി രൂപവല്‍ക്കരിച്ചു. പ്രസിഡന്റ് എം.കെ. റഫീഖ ആധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപകരായ പി. വത്സലകുമാരി, പി. മനോരമ, എ.എം. ശങ്കരനാരായണന്‍, അധ്യാപകരായ വി. ഫിറോസ്, പി.ടി. പ്രവീണ്‍, കെ. വിജയകുമാര്‍, അബ്ദുല്‍ നാസര്‍, ക്ളബ് ഭാരവാഹികളായ ഹംസ നടുത്തൊടി, കെ. അസ്ഹറുദ്ദീന്‍, ടി. നൌഷാദ്, കെ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.