റൺ കേരള റൺ കൂട്ടയോട്ടത്തിൽ 3,000 പേർ പങ്കെടുക്കും

തിരൂർ ∙ തിരൂരിൽ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ 3,000 പേർ പങ്കെടുക്കും. നാളെ 10.30ന് തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽനിന്നു രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കാണ് നഗരസഭയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഓട്ടം. ചലച്ചിത്ര താരങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖർ ഓട്ടത്തിൽ പങ്കാളികളാവും. നഗരസഭയിലെ സ്കൂളുകൾ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാംസ്കാരിക സംഘടനകൾ എന്നിവരും പങ്കെടുക്കും. തിരൂരിലെ പരിസര പഞ്ചായത്തുകളായ വെട്ടം, തലക്കാട്, തൃപ്രങ്ങോട്, മംഗലം, പുറത്തൂർ, തിരുനാവായ, നിറമരുതൂർ, പൊന്മുണ്ടം, ചെറിയമുണ്ടം എന്നിവിടങ്ങളിലും റൺ കേരള റണ്ണിനു വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.