റൺ കേരള റൺ നാളെ, നഗര, ഗ്രാമ വ്യത്യാസമില്ലാതെ നാട് ഒരുങ്ങി

മലപ്പുറം ∙ നഗര, ഗ്രാമ വ്യത്യാസമില്ലാതെ നാട് ഒരുങ്ങി; ലോകം കേരളത്തിലേക്ക് ഉറ്റുനോക്കുന്ന നിമിഷങ്ങളിലേക്ക് ഇനി ഒരുദിവസത്തിന്റെ അകലം മാത്രം. ദേശീയ ഗെയിംസിനു വിളംബരമായി ചൊവ്വാഴ്ച നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ എല്ലായിടത്തും തകൃതിയിൽ നടക്കുന്നു. ജില്ലയിലുള്ളത് ആകെ 820 കേന്ദ്രങ്ങൾ. ഇവയിൽ 27 എണ്ണം മെഗാ കേന്ദ്രങ്ങൾ. ജില്ലാകേന്ദ്രമായ മലപ്പുറത്തുമാത്രം പതിനായിരത്തോളം ആളുകൾ കൂട്ടയോട്ടത്തിൽ പങ്കുചേരും. ആർക്കും വരാം ഒപ്പം ഓടാം

∙ റജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഏറ്റവും അടുത്ത റണ്ണിങ് പോയിന്റിൽ 20ന് രാവിലെ 9.45ന് എത്തി അവിടെ റൺ കേരള റണ്ണിന്റെ ബാനറുമായി നിൽക്കുന്ന വിദ്യാർഥികൾക്കു പിറകെ അണിനിരക്കാവുന്നതാണ്. സ്ഥാപനങ്ങൾ, സംഘടനകൾ ഗ്രൂപ്പുകൾ എന്നിവയ്ക്ക് അവരുടെ ബാനറുകൾ ഉപയോഗിക്കാം. ഓട്ടത്തിൽ പങ്കെടുക്കാൻ പ്രത്യേക യൂണിഫോമോ വേഷമോ നിർബന്ധമില്ല. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവരുടെ യൂണിഫോമിൽത്തന്നെ ഓടാനെത്താം.

∙ പരിപാടി ഇങ്ങനെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള 820 കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ചൊവ്വാഴ്ച രാവിലെ 9.45 ആകുമ്പോൾത്തന്നെ കൂട്ടയോട്ടത്തിൽ പങ്കെടുക്കാനുള്ളവർ അതത് കേന്ദ്രങ്ങളിലെത്തണം. ബാനർ പിടിക്കാനായി തിരഞ്ഞെടുത്ത രണ്ടുപേർ (വിദ്യാർഥികളോ മറ്റുള്ളവരോ) റൺ കേരള റൺ പ്രത്യേക
ടീ ഷർട്ടും തൊപ്പിയും ധരിച്ചു മുന്നിൽ നിൽക്കണം. കൂട്ടയോട്ടത്തിൽ പങ്കെടുക്കാനെത്തുന്ന മറ്റുള്ളവർ ബാനറിനു പിന്നിൽ അണിനിരക്കണം. പരിപാടിക്കായി രൂപീകരിച്ച കമ്മിറ്റിയും വൊളന്റിയർമാരും നേതൃത്വം നൽകണം.

∙ തീം സോങ് 10.20ന് റൺ കേരള റൺ തീം സോങ് കേൾപ്പിക്കണം. തീം സോങ് ഉൾപ്പെടുന്ന സിഡികൾ 820 കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ ക്രമീകരിച്ച സിഡി പ്ലെയറിലൂടെ തീം സോങ് എല്ലാവർക്കും കേൾക്കാം.

∙ പ്രതിജ്ഞ 10.25ന് റൺ കേരള റൺ പ്രതിജ്ഞയെടുക്കണം. അതതു കേന്ദ്രവുമായി ബന്ധപ്പെട്ട സ്കൂൾ ലീഡറോ കോളജ് ചെയർമാനോ സ്ഥാപനമേധാവിയോ സംഘടനാ ഭാരവാഹിയോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മുഴുവൻപേരും പ്രതിജ്ഞ ഏറ്റുചൊല്ലണം.

∙ ഫ്ലാഗ്ഓഫ് സമയം-10.30. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥി കൂട്ടയോട്ടം ഫ്ലാഗ്ഓഫ് ചെയ്യും. ഫ്ലാഗ് വീശിയാൽ കൂട്ടയോട്ടത്തിനു തുടക്കമാകും.

∙ ഓട്ടം എല്ലാ പ്രായത്തിലുള്ളവർക്കും ഓട്ടത്തിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ വേഗം കുറച്ചുള്ള ഓട്ടമാണ് ഉദ്ദേശിക്കുന്നത്. വേഗത്തിലോടുന്നതിലല്ല, കൂട്ടമായി ഓടുന്നതിലാണു കാര്യം. പൊലീസുകാർ ഗതാഗതം നിയന്ത്രിക്കുമെന്നതിനാൽ ട്രാഫിക് തടസ്സം കൂട്ടയോട്ടത്തിലുണ്ടാകില്ല.

∙ ദൂരം 200 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെയാണ് ഓരോ പോയിന്റിൽനിന്നുള്ള കൂട്ടയോട്ടത്തിന്റെ മൊത്തം ദൂരം. സ്കൂളിൽനിന്നോ അതുപോലെയുള്ള സ്ഥാപനങ്ങളിൽനിന്നോ ആണ് ഓട്ടം തുടങ്ങുന്നതെങ്കിൽ 500 മീറ്റർവരെ പോയശേഷം ആരംഭസ്ഥലത്തേക്കു തിരിച്ചെത്താം. ദൂരം സംബന്ധിച്ച് അതത് കേന്ദ്രങ്ങളിലെ കോ-ഓർഡിനേറ്റർമാർക്കു തീരുമാനമെടുക്കാം. അവരുടെ നിർദേശങ്ങളാണു കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ടത്.