പതിനായിരത്തിലേറെ പേർ പങ്കെടുത്ത മെഗാ റൺ നഗരത്തിന് ആവേശമായി

പാലക്കാട് ∙ ദേശീയ ഗെയിംസിന്റെ അഭിമാനസന്ദേശവുമായി പതിനായിരത്തിലേറെ പേർ പങ്കെടുത്ത മെഗാ റൺ നഗരത്തിന് ആവേശമായി. ഗവ. മോയൻസ് സ്കൂളിൽ നിന്ന് ആരംഭിച്ച് കോട്ടമൈതാനം വരെ ഒന്നര കിലോമീറ്റർ ദൂരമാണ് പതിനായരങ്ങൾ റൺ കേരള റണ്ണിന്റെ മെഗാ റണ്ണിൽ പങ്കെടുത്തത്. കൂട്ടയോട്ടത്തിൽ പങ്കെടുക്കാനെത്തിയവർ സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് പൂർണമായി നീങ്ങാൻ മാത്രം മുക്കാൽ മണിക്കൂറിലേറെയെടുത്തു. മന്ത്രി എ.പി. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ഷാഫി പറമ്പിൽ എംഎൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നടനും സംവിധായകനുമായ മധുപാൽ, സംവിധായകനും തിരക്കഥാകൃത്തുമായ വി.ആർ. ഗോപാലകൃഷ്ണൻ, ചലച്ചിത്രതാരങ്ങളായ ഷാജു, പാർവതി നമ്പ്യാർ, മുൻ ദേശീയ രാജ്യാന്തര താരങ്ങളായ സി.ഹരിദാസ്, സുരേഷ് ബാബു, ഡോളി കെ.ജോസഫ്, രാജേശ്വരി, എസ്.മുരളി, ഇ.എസ്. ബിജിമോൾ, ഫുട്ബോൾ താരങ്ങളായ അബ്ദുൽ ഹക്കിം, നൗഷാദ്, ധൻരാജ് തു്ങിയവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

എം.ബി.രാജേഷ് എംപി, ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.കണ്ടമുത്തൻ, നഗരസഭ ചെയർമാൻ പി.വി.രാജേഷ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.കൃഷ്ണകുമാർ, എഡിആർഎം മോഹൻ എ.മേനോൻ, റയിൽവേ കൊമേഴ്സ്യൽ മാനേജർ പി.എ. ധനഞ്ജയൻ, റൺ കേരള റൺ ജില്ലാ കോ-ഓർഡിനേറ്റർ കൂടിയായ എഡിഎം യു.നാരായണൻകുട്ടി, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ആർ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ അണിനിരന്നു.

മണ്ണാർക്കാട്, ചിറ്റൂർ, ആലത്തൂർ, പട്ടാമ്പി, ഒറ്റപ്പാലം, എന്നിങ്ങനെ താലൂക്ക്്തലങ്ങളിലും വൻ ജനപങ്കാളിത്തത്തോടെ മെഗാ റൺ നടന്നു. മണ്ണാർക്കാട്ട് പിന്നണി ഗായകരായ ഉണ്ണിമേനോൻ, അനൂപ് ശങ്കർ എന്നിവരും പങ്കെടുത്തു. ജില്ലയിൽ ഏഴുന്നൂറോളം പോയിന്റുകളിലായി ലക്ഷക്കണക്കിനു പേർ റൺ കേരള റണ്ണിൽ അണനിരന്നു.