അടൂരിൽ വിദ്യാർഥികൾക്കൊപ്പം ഓടാൻ എംഎൽഎയും

അടൂർ ∙ 20ന് നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കുമൊപ്പം അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും അണിചേരും. നഗരവീഥിയിൽ നടക്കുന്ന അഞ്ചു കൂട്ടയോട്ടങ്ങളിൽ നയനം തിയേറ്ററിന് സമീപത്തുനിന്നു പുറപ്പെടുന്ന കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്യുന്ന എംഎൽഎ അവർക്കൊപ്പമാണ് സമാപനസ്ഥലമായ കെഎസ്ആർടിസി കോർണറിലേക്ക് ഓടുക.

ഹോളിക്രോസ് ജംക്ഷനിൽ നിന്നു പുറപ്പെടുന്ന കൂട്ടയോട്ടം മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസും ജനറൽ ആശുപത്രിക്കു മുൻപിൽ നിന്ന് പുറപ്പെടുന്ന കൂട്ടയോട്ടം നഗരസഭാചെയർമാൻ ഉമ്മൻ തോമസും ഫ്ളാഗ് ഓഫ് ചെയ്യും. കരിക്കിനേത്ത് ജംക്ഷനിൽ നഗരസഭാകൗൺസിലർ കുഞ്ഞൂഞ്ഞമ്മ ജോസഫും കണ്ണങ്കോട് പള്ളിക്ക് സമീപം നഗരസഭാസ്ഥിരംസമിതി അധ്യക്ഷൻ അജി പാണ്ടിക്കുടിയിലും പതാക കൈമാറും.

വിവിധസ്ഥലങ്ങളിൽ കൂട്ടയോട്ടത്തിൽ അണിനിരക്കുന്ന സംഘടനകളും സ്ഥാപനങ്ങളും: കണ്ണങ്കോട് പള്ളി: ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ, പന്നിവിഴ സെന്റ് തോമസ് വിഎച്ച്എസ്എസ്, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം, പൊതുജനങ്ങൾ. കരിക്കിനേത്ത് ജംക്ഷൻ: ചായലോട് മൗണ്ട് സിയോൻ നഴ്സിങ് കോളജ്, സ്റ്റാലിയൻസ് ജിംനേഷ്യം, റസിഡന്റ്സ് അസോസിയേഷൻ, പൊതുജനങ്ങൾ.

നയനം തിയേറ്റർ: ഹോളി എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂൾ, മാർഷ്യൽ അക്കാദമി, പൊതുജനങ്ങൾ. ജനറൽ ആശുപത്രി: കോളജ് ഓഫ് അപ്ലൈഡ് സയൻസ്, സെന്റ്മേരീസ് യുപി, എച്ച്എസ്, ഹയർസെക്കൻഡറി സ്കൂളുകൾ, ഗവ. യുപി സ്കൂൾ, പൊതുജനങ്ങൾ. ഹോളിക്രോസ് ജംക്ഷൻ: ഓർത്തഡോക്സ് യുവജനപ്രസ്ഥാനം, ഹോളിക്രോസ് നഴ്സിങ് സ്കൂൾ, റസിഡന്റ്സ് അസോസിയേഷനുകൾ, പൊതുജനങ്ങൾ. അടൂർ ഗവ. ബോയ്സ് എച്ച്എസ്എസിന് മുൻപിൽ നിന്ന് ആരംഭിക്കുന്ന വിദ്യാർഥികളുടെ കൂട്ട ഓട്ടത്തിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളും യുഐടിയും അണിചേരും. കൈതപ്പറമ്പ് കെവിവിഎസ് കോളജിലെ കുട്ടികളും അധ്യാപകരും ഏഴംകുളത്തു നിന്ന് പറക്കോട് ഭാഗത്തേക്ക് കൂട്ടയോട്ടം നടത്തും.