ഇന്ന് വിളംബര റാലിയും ദീപശിഖാ പ്രയാണവും ഭാരതീയം പരിപാടിയും

പത്തനംതിട്ട ∙ റൺ കേരള റണ്ണിന്റെ പ്രചാരണത്തിനായി ഇന്ന് 9.30ന് നഗരത്തിൽ വിളംബര റാലിയും ദീപശിഖാ പ്രയാണവും ഭാരതീയം പരിപാടിയും നടക്കും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടികൾ. ഒൻപതരയ്ക്ക് സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് റാലിക്കു കൊടി വീശുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സലിം പി. ചാക്കോ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട അത്ലിറ്റുകൾക്ക് ദീപശിഖ കൈമാറും.

ജില്ലാ കലക്ടർ എസ്. ഹരികിഷോർ, നഗരസഭാധ്യക്ഷൻ എ. സുരേഷ്കുമാർ, ടൗൺ ജുമാമസ്ജിദ് ഇമാം മുജീബ് റഹ്മാൻ മൗലവി, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി. എൻ. സോമനാഥൻ നായർ തുടങ്ങിയവർ പങ്കാളികളാകും. റാലിയും ദീപശിഖാ പ്രയാണവും കലക്ടറേറ്റ് ജംക്ഷൻ, മസ്ജിദ് ജംക്ഷൻ, സെൻട്രൽ ജംക്ഷൻ, കെഎസ്ആർടിസി, പുതിയ ബസ് സ്റ്റാൻഡ്, അബാൻ ജംക്ഷൻ, തിയറ്റർ ജംക്ഷൻ, മിനി സിവിൽ സ്റ്റേഷൻ, ഹെഡ് പോസ്റ്റ് ഓഫിസ് ജംക്ഷൻ വഴി ജില്ലാ സ്റ്റേഡിയത്തിലെത്തും.

തുടർന്ന് നാരങ്ങാനം സാവിയോ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ കുട്ടികൾ ഭാരതീയം പരിപാടി അവതരിപ്പിക്കും. റാലിയിൽ ജില്ലയിലെ സ്പോർട്സ് ഹോസ്റ്റലുകളിലെയും ഡേ ബോർഡിങ് സെന്ററുകളിലെയും കുട്ടികൾ, പരിശീലകർ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, റോളർ സ്കേറ്റർമാർ, പ്രകാശധാര സ്പെഷൽ സ്കൂളിലെ കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കും. നാളെ 10ന് മിനി സിവിൽ സ്റ്റേഷനു മുന്നിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായ കാർട്ടൂണിസ്റ്റ് എസ്. ജിതേഷിന്റെ വരയരങ്ങ് നടക്കും.