മണ്ണിലെഴുതി, കൂട്ടയോട്ട ചരിതം

തൃശൂർ : സിരകളിലുയർന്ന കായികാവേശം മണ്ണിലേക്കൊഴുകിയപ്പോൾ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ‘ജീവനുള്ള’ ദേശീയ പതാക ജനിച്ചു. റൺ കേരള റൺ കൂട്ടയോട്ടത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ 1635 കുട്ടികളാണ് സ്കൂൾ മുറ്റത്ത് ‘റൺ’ രൂപത്തിൽ അണി നിരന്നത്. ദേശീയ ഗെയിംസ് ആവേശം അണപൊട്ടിയപ്പോൾ കുട്ടികൾ ഒരേ സ്വരത്തിൽ, ഒരേ വികാരത്തിൽ, ഒരേ ആഹ്ലാദത്തിൽ വിളിച്ചു പറഞ്ഞു, ‘റൺ കേരള റൺ... റൺ കേരള റൺ...’രാജ്യത്തിന്റെ കായിക ചരിത്രത്തിൽ ഇന്നോളം കാണാത്ത വിധം 20ന് 10.30ന് സംസ്ഥാനത്തെ ഒരു കോടിയാളുകൾ ഒന്നിച്ചു പങ്കെടുക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന് ആവേശം പകരുകയായിരുന്നു കുട്ടികളുടെ ഉദ്ദേശ്യം.ഉച്ചയ്ക്കു മൂന്നു മണിയോടെ സ്കൂൾ മൈതാനത്തേക്ക് ദേശീയ പതാകയുടെ നിറത്തിൽ കുങ്കുമം,വെള്ള, പച്ച നിറങ്ങളിലുള്ള യൂണിഫോം ധരിച്ചാണ് കുട്ടികൾ ഒഴുകിയെത്തിയത്. ഇംഗ്ലിഷ് അക്ഷരമാലയിലെ ‘ആർ’ എന്ന അക്ഷരത്തിന്റെ രൂപത്തിൽ കുങ്കുമനിറക്കാരും ‘യു’ പത്തിൽ വെള്ളനിറക്കാരും ‘എൻ’ രൂപത്തിൽ പച്ചനിറക്കാരും അണിനിരന്നതോടെ മൈതാനത്ത് ജീവനുള്ള ദേശീയപതാക രൂപപ്പെട്ടു. ദേശീയപതാകയ്ക്ക് ചുറ്റുമായി മഞ്ഞനിറത്തിലുള്ള യൂണിഫോം ധരിച്ച് നൂറുകണക്കിനു കുട്ടികൾ അണിനിരന്നതോടെ വിസ്മയക്കാഴ്ച പൂർണമായി. ദേശീയ ഗെയിംസ് വിജയിക്കട്ടെ എന്നു പ്രഖ്യാപിച്ചും റൺ കേരള റണ്ണിൽ ഒപ്പമോടുമെന്നു പ്രഖ്യാപിച്ചുമാണ് കുട്ടികൾ ആവേശം പ്രകടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഡോ.അബി പോൾ, ഹെഡ്മിസ്ട്രസ് റിമി ചുങ്കത്ത്, അധ്യാപകരായ സോജൻ പി. ജോൺ, നവീൻആന്റണി, അനീഷ് അഗസ്റ്റിൻ,പി. പോൾ എന്നിവർ നേതൃത്വം നൽകി.