ദേശീയ ഗെയിംസിനു നഗരം സ്വാഗതമോതി ബലൂണ്‍ നഗരം

തൃശൂര്‍ . കുടമാറ്റവും വെടിക്കെട്ടും കണ്ട പൂരനഗരിയുടെ വാനില്‍ വര്‍ണം വിതറി ഉയര്‍ന്നതു 35000 ബലൂണുകള്‍. ഇനി നഗര വാനില്‍ ദേശീയ ഗെയിംസിന്റെ വര്‍ണങ്ങള്‍. ഗെയിംസിനായി വര്‍ണം പൂശി പൂരനഗരിക്ക് 15 ദിവസത്തെ കാത്തിരിപ്പുകൂടി. പൂരത്തിന് അമിട്ട് പൊട്ടി ആകാശത്തേക്ക് ഉയരുമ്പോഴുള്ള വര്‍ണ വിസ്മയത്തിന്റെ സമാന കാഴ്ചയായിരുന്നു ഇന്നലെ തേക്കിന്‍കാട് മൈതാനിയില്‍. അക്ഷരാര്‍ഥത്തില്‍ ആര്‍ത്തിരമ്പുന്ന ബലൂണ്‍ നഗരമായി തേക്കിന്‍കാട് മാറി.

ദേശീയ ഗെയിംസിന്റെയും റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന്റെയും മുന്നോടിയായാണു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബലൂണ്‍ പറത്തല്‍ സംഘടിപ്പിച്ചത്. സാംസ്കാരിക നഗരി ദേശീയ ഗെയിംസിനെ സ്വാഗതം ചെയ്യുന്ന കാഴ്ച കൂടിയാണ് ഇന്നലെ തേക്കിന്‍കാട് കണ്ടത്.

പല തരത്തിലും നിറത്തിലും വസ്ത്രങ്ങള്‍ അണിഞ്ഞ കുരുന്നുകളും മുതിര്‍ന്നവരുമടക്കം മുപ്പത്തയ്യായിരം ആളുകളാണു ബലൂണ്‍ പറത്താനായി ഒത്തൂകൂടിയത്. ദേശീയ ഗെയിംസിന്റെ ലോഗോ പതിച്ച കുങ്കുമം, പച്ച നിറങ്ങളിലുള്ള ബലൂണുകള്‍ അവര്‍ ആകാശത്തേക്കുയര്‍ത്തി വിട്ടു.

കത്തിനില്‍ക്കുന്ന ഉച്ചവെയിലിനെ സാക്ഷിയാക്കി ഒരു മണിയോടെ തേക്കിന്‍കാടും സ്വരാജ് റൌണ്ടും ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞു. 12 മുതല്‍ ഒറ്റയും കൂട്ടവുമായി ആളുകള്‍ നഗരത്തിലേക്ക് ഒഴുകിയെത്തി. ഒരു മണിയോടെ തേക്കിന്‍കാട്ടില്‍ ഹൈഡ്രജന്‍ ബലൂണ്‍ വിതരണം തുടങ്ങി. സമയം 2.50: കത്തിജ്വലിക്കുന്ന സൂര്യനെ മേഘക്കൂട്ടിനുള്ളില്‍ ഒളിപ്പിച്ച് തണല്‍ വിരിയിച്ച് ബലൂണുകളെ
വരവേല്‍ക്കാനായി ആകാശം ഒരുങ്ങിനിന്നു.

ജനസാഗരത്തെ സാക്ഷിയാക്കി കൃത്യം മൂന്നിന് കോര്‍പറേഷന്‍ ഓഫിസിലെ സൈറണ്‍ മുഴങ്ങി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കപ്പുറം ജനങ്ങളുടെ ആര്‍പ്പുവിളിക്കൊപ്പം മുപ്പത്തയ്യായിരം ബലൂണുകള്‍ ഒരുമിച്ച് ആകാശത്തേക്കുയര്‍ന്നു പൊങ്ങി. നിലയ്ക്കാത്ത കൈയടി ശബ്ദം ബലൂണുകള്‍ക്ക് അകമ്പടിയേകി. തേക്കിന്‍കാട് ചരിത്രമാകുകയായിരുന്നു.

മുപ്പത്തയ്യായിരം പേര്‍ പറത്തിവിട്ട ബലൂണുകള്‍ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു പറന്നിറങ്ങി. സൂര്യന്‍ വീണ്ടും മേഘക്കൂട്ടിനുള്ളില്‍നിന്നു തല നീട്ടി പുറത്തു വന്നപ്പോഴേക്കും ബലൂണുകള്‍ കാണാമറയത്തൊളിച്ചിരുന്നു. അങ്ങനെ സാംസ്കാരിക നഗരത്തിന്റെ നാഷനല്‍ ഗെയിംസ് ആവേശത്തിനു പ്രകൃതിയും പിന്തുണ പ്രഖ്യാപിച്ചു. 15000 വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കുടുംബശ്രീ- സര്‍വീസ് സംഘടനകള്‍, വിവിധ രാഷ്ട്രീയ സംഘടനകള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ പേരാണു ബലൂണ്‍ പറപ്പിക്കാനായി എത്തിയത്.