മേളത്തിനു വളയിട്ട കൈകള്‍

തൃശൂര്‍ . ബലൂണ്‍ പറത്തലിനു മേളക്കൊഴുപ്പേകി വളയിട്ട കൈകള്‍. തളിക്കുളം ശിവഗംഗ വനിതാ സംഘത്തിന്റെ ശിങ്കാരി മേളവും ശക്തന്‍ തമ്പുരാന്‍ കോളജിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ മേളവുമാണ് തെക്കെ ഗോപുരനടയെ ആവേശം കൊള്ളിച്ചത്.

ഗെയിംസിന്റെ പ്രചരണാര്‍ഥം ഒരുക്കിയ ബലൂണ്‍ പറത്തലിന് ആവേശത്തിരയൊരുക്കിയാണ് മേളം അരങ്ങറിയത്. ചടുലമായ നൃത്തച്ചുവടുകള്‍ക്കൊപ്പം കൊട്ടിത്തകര്‍ത്ത ശിവഗംഗയിലെ കലാകാരികള്‍ ആസ്വാദക മനം കവര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ് രൂപീകരിച്ച തളിക്കുളം ശിവഗംഗ വനിതാ സംഘം ജില്ലയിലെ ഒട്ടുമിക്ക വേദികളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പാര്‍വതിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ശക്തന്‍ തമ്പുരാന്‍ കോളജില്‍നിന്നു മേളവുമായി എത്തിയത്. മേള പ്രമാണി ചെറുശേരി കുട്ടന്‍ മാരാരുടെ സഹേദരിയുടെ മകളാണ് പാര്‍വതി. അമ്മാവന്റെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ചിട്ടുണ്ടെങ്കിലും പൊതു വേദിയില്‍ മേളം അവതരിപ്പിക്കുന്നത് ഇതാദ്യം.

ദിവസങ്ങള്‍ക്ക് മുന്‍പ് പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിനികള്‍ മേള പരിശീലനം ആരംഭിച്ചത്. ഇന്നലെ രാവിലെ കോളജില്‍ നിലവിളക്കിനു മുന്നില്‍ അരങ്ങേറ്റം നടത്തിയാണ് വിദ്യാര്‍ഥികള്‍ തെക്കെ ഗോപുര നടയിലെത്തിയത്.