ആവേശം പകര്‍ന്ന് റിബണ്‍ പ്രകടനവും

തൃശൂര്‍ . ഗെയിംസിനെ വരവേല്‍ക്കാന്‍ ശക്തന്‍ തമ്പുരാന്‍ കോളജും. ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ഥം നടത്തിയ ബലൂണ്‍ പറത്തലിന് ആവേശമായി ശക്തന്‍ തമ്പുരാന്‍ കോളജിലെ 3000 വിദ്യാര്‍ഥികളും അധ്യാപകരുമാണ് തെക്കേഗോപുരനടയിലെത്തിയത്.

കോളജിലെ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ ഒരുക്കിയ മേളത്തിന്റെയും തൂവെള്ള വസ്ത്രംധരിച്ചെത്തിയ 125 പേരടങ്ങുന്ന ദേശീയ പതാക വാഹകരായ സംഘത്തിന്റെയും അകമ്പടിയോടെയാണ് നാഷനല്‍ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ അമ്മു വേഴാമ്പലിനെ തെക്കെഗോപുര നടയിലേക്ക് ആനയിച്ചത്.

കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പാര്‍വതിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് മേളം അവതരിപ്പിച്ചത്. ആകാശത്തേക്കുയര്‍ന്ന് പൊങ്ങിയ ബലൂണുകള്‍ക്ക് അഭിവാദ്യമായി 2800 വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പച്ച, വെള്ള, ഒാറഞ്ച് നിറത്തിലുള്ള റിബണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി വീശി ദേശീയ പതാകയുടെ ആകൃതി വിരിയിച്ച് ബലൂണുകള്‍ക്ക് യാത്രയയപ്പും നല്‍കിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.