കാൻവാസിലൊതുങ്ങില്ല, ഈ ആവേശം

തൃശൂർ ∙ ക്ലാസ് മുറിക്കുള്ളിൽ ഒതുങ്ങാത്ത കായികാവേശം ചേക്കേറിയതു ഭീമൻ കാൻവാസിൽ.20നു 10.30ന് കേരളമെങ്ങും അലയടിക്കാനിരിക്കുന്ന കായികാവേശം ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥി സംഘമാണു കാൻവാസിലേക്കു പകർത്തിയത്. 25 മീറ്ററോളം നീളമുള്ള കാൻവാസിൽ അറുപതോളം പെയിന്റിങ് വിദ്യാർഥികൾ ചേർന്നു വരച്ച ‘റൺകേരള റൺ’ ചിത്രം കൗതുകമുണർത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മുതൽ അമ്മുവേഴാമ്പൽ വരെ കാൻവാസിൽപ്രത്യക്ഷപ്പെട്ടു. റൺ കേരള റൺ കൂട്ടയോട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു വിദ്യാർഥിസംഘം ദേവമാതാ സ്കൂളിലെ കെട്ടിടച്ചുമരിൽ വലിച്ചുകെട്ടിയ ഭീമൻ കാൻവാസിൽ പെയിന്റിങ് നടത്തിയത്.പ്രിൻസിപ്പൽ ഫാ. ഷാജു എടമന പെയിന്റിങ് ഉദ്ഘാടനം ചെയ്തു. ചിത്രകലാധ്യാപകൻ ടി. അനന്തുവിന്റെ നേതൃത്വത്തിൽ പല ക്ലാസുകളിൽ പഠിക്കുന്ന അറുപതോളം കുട്ടികളായിരുന്നു വരയ്ക്കാനെത്തിയത്.