റൺ കേരള റൺ : ഗുരുവായൂരിൽ സൈക്കിൾ വിളംബര ഘോഷയാത്ര നടത്തി

ഗുരുവായൂർ ∙ നഗരസഭയുടെ നേതൃത്വത്തിൽ നാളെ കൈരളി ജംക്ഷനിൽ നിന്നാരംഭിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ വിളംബരമായി സൈക്കിൾ ഘോഷയാത്ര നടത്തി. സൈക്കിളിങ് ക്ലബിന്റെ നേതൃത്വത്തിൽ മഞ്ജുളാൽ ജംക്ഷനിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര നഗരസഭ അധ്യക്ഷൻ പി.എസ്. ജയൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രതിപക്ഷനേതാവ് കെ.പി.എ റഷീദ്, സൈക്കിളിങ് ക്ലബ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിൻ, സെക്രട്ടറി കെ.ആർ. ഉണ്ണിക്കൃഷ്ണൻ, രവി ചങ്കത്ത് എന്നിവർ പ്രസംഗിച്ചു. മുന്നിൽ നീങ്ങിയ വാഹനത്തിൽ ചെണ്ടമേളം, വിളംബര അറിയിപ്പുമായി വാഹനം എന്നിവയ്ക്കു പിന്നിലായി ഘോഷയാത്ര നഗരം വലംവച്ച് കിഴക്കേനടയിൽ സമാപിച്ചു. അനിൽ കല്ലാറ്റ്, വി.എം. ഹുസൈൻ, കെ.യു. കാർത്തികേയൻ, എൻ. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.