റൺ കേരള റണ്ണിനെത്തിയ സച്ചിന്റെ ‘കേരള സെൽഫി’ ഹിറ്റ്

തിരുവനന്തപുരം ∙ റൺ കേരള റണ്ണിനെത്തിയ സച്ചിൻ തെൻഡുൽക്കറിന്റെ സെൽഫി സോഷ്യൽ മീഡിയയിൽ ഹിറ്റ്. വേദിയിൽ നിന്ന് സദസിനെ ചേർത്ത് സച്ചിനെടുത്ത സെൽഫിയാണ് ഹിറ്റായത്. മലയാളികൾ നൽകിയ അഭൂതപൂർവമായ പിന്തുണയിൽ തനിക്ക് അത്ഭുതമില്ലെന്നും കേരളം തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക ഇഷ്ടമുള്ള നാടാണെന്നും സച്ചിൻ പറഞ്ഞു. മുഴുവൻ കേരളവും ദേശീയ ഗെയിംസിനു വേണ്ടിയുള്ള കൂട്ടയോട്ടത്തിൽ ആവേശത്തോടെ അണിനിരന്നത് ആഹ്ലാദകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ആരോഗ്യമുള്ള നാടായി ഇന്ത്യ അറിയപ്പെടണമെന്നാണ് എന്റെ ആഗ്രഹം. കേരളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. കേരള ബ്ലാസ്റ്റേഴ്സിന് കേരളം നൽകിയ പിന്തുണ ടീമിലെ കളിക്കാരെ പോലും അത്ഭുതപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് എന്റെ ടീമല്ല. അതു നമ്മുടെ ടീമാണ്. അവർക്കു നൽകിയ പിന്തുണ ദേശീയ ഗെയിംസിന് എത്തുന്ന എല്ലാ കായികതാരങ്ങൾക്കും നൽകണമെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്.

27 വർഷത്തിനു ശേഷം കേരളത്തിലെത്തുന്ന ദേശീയ ഗെയിംസിനെ കേരളം ‘ ടിപ്പിക്കൽ മലയാളി സ്റ്റൈലിൽ വരവേൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗെയിംസിനെത്തുന്ന താരങ്ങൾക്ക് ജീവിതകാലം മുഴുവൻ താലോലിക്കാൻ കഴിയുന്ന ഓർമകൾ സമ്മാനിക്കണം. –സച്ചിൻ