ആവേശക്കടലായ് കേരളം

കേരളത്തെ ഒരേചരടിൽ കോർത്ത് റൺ കേരള റൺ ആവേശത്തിന്റെ പുതുചരിത്രമായി. കായിക—സാംസ്കാരിക—സിനിമാ പ്രവർത്തകർ ആവേശം പങ്കിടാൻ മുൻനിരയിലെത്തി. ദേശീയ ഗെയിംസിനു സ്വാഗതമോതി കേരളം ഒരേസ്വരത്തിൽ വിളിച്ചു: റൺ കേരള റൺ.

എറണാകുളം

ജില്ലയിൽ എണ്ണൂറോളം കേന്ദ്രങ്ങളിലാണ്കൂട്ടയോട്ടം നടന്നത്. കൊച്ചിയിൽ മെഗാറണ്ണും 15 കേന്ദ്രങ്ങളിൽ മിനിമെഗാറണ്ണും നടന്നു. കൊച്ചിയിലെ മെഗാ റൺ നടൻ മോഹൻലാൽ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, ഒളിംപ്യൻമാരായ ടി.സി. യോഹന്നാൻ, എം.ഡി. വൽസമ്മ,മേഴ്സിക്കുട്ടൻ, സിനിമരംഗത്തുനിന്നു ലാൽ, കവിയൂർ പൊന്നമ്മ, ശ്വേത മേനോൻ, അമല പോൾ, സിദ്ധിഖ്, ലാലു അലക്സ്, ജനാർദനൻ, ദേവൻ, സാബു ചെറിയാൻ, രഞ്ജി പണിക്കർ, ബാല, അജ്മൽ അമീർ, ടിനി ടോം, ഹരിശ്രീ അശോകൻ, ബാബുരാജ്, രാജീവ് പിള്ള, അനന്യ, തെസ്നി ഖാൻ, നാദിർഷാ, ഷൈൻ ടോം ചാക്കോ, അപൂർവ ബോസ്, ബീന ആന്റണി, അൻസിബ ഹസൻ, കവി ചെമ്മനം ചാക്കോ തുടങ്ങിയവർ ലക്ഷങ്ങൾ അണിനിരന്ന കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം

സെക്രട്ടേറിയറ്റിനു മുന്നിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം അർജുന അവാർഡ്് ജേതാക്കളുടെ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. അർജുന അവാർഡ് ജേതാവും സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസിന്റെ നേതൃത്വത്തിലാണ് കായിക ലോകം റൺ കേരള റണ്ണിനായി ഒത്തു ചേർന്നത്. ഷൈനി വിൽസൺ, കെ.സി. ഏലമ്മ രഘു, ഓമനകുമാരി, സിറിൽ സി.വള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

നഗരത്തിൽ അഞ്ചു കേന്ദ്രങ്ങളിൽനിന്ന് ജനസാഗരം ഒഴുകിയെത്തി. ഒൻപതു സ്ഥലങ്ങളാണു മെഗാറണ്ണുകൾക്ക് വേദിയായത്. ജില്ലയിൽ എഴുനൂറ് കേന്ദ്രങ്ങളിൽനിന്നു കൂട്ടയോട്ടം തുടങ്ങുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ആവേശം ഇരട്ടിച്ചപ്പോൾ ആയിരത്തോളം സ്ഥലങ്ങളിൽനിന്നു ജനം സംഘടിച്ച് പങ്കെടുത്തു. കോട്ടയത്ത് മന്ത്രി കെ.എം. മാണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നടൻ ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു. ചങ്ങനാശേരിയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം നസീർ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിച്ച് ദേശീയ ഗെയിംസ് സന്ദേശം നൽകിയതും ആവേശമായി. നടി മിയ, നർത്തകി പാരീസ് ലക്ഷ്മി, പി. ബാലചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

കോഴിക്കോട്

ജില്ലയിലെ 614 കേന്ദ്രങ്ങളിലായി ലക്ഷങ്ങൾ പങ്കാളികളായി. ബുള്ളറ്റ് റാലി, സൈക്കിൾ റാലി, റോളർ സ്കേറ്റിങ്, ബാൻഡ് മേളം, ശിങ്കാരിമേളം, ജിംനാസ്റ്റിക് പ്രകടനം അടക്കം ആഘോഷമായിരുന്നു റൺ കേരള റൺ. മന്ത്രി ഡോ. എം.കെ. മുനീർ മെഗാ റൺ ഫ്ലാഗ് ഓഫ് ചെയ്തു. എം.കെ. രാഘവൻ എംപി പ്രതിജ്ഞ ചൊല്ലി. ഒളിംപ്യൻ വി. ദിജു, എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ, സിനിമ സംവിധായകൻ വി.എം. വിനു ഉൾപ്പെടെ വമ്പൻ നിര പങ്കാളികളായി.

ഇടുക്കി

ജില്ലയിലെ 296 കേന്ദ്രങ്ങളിൽ നടന്ന റൺ കേരള റണ്ണിൽ ലക്ഷങ്ങൾ പങ്കാളികളായി. തൊടുപുഴയിൽ മന്ത്രി പി.ജെ. ജോസഫ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. നടൻ ജാഫർ ഇടുക്കിയും പങ്കെടുത്തു.

കൊല്ലം

ജില്ലയിലെ അറുനൂറോളം കേന്ദ്രങ്ങളിലായി ലക്ഷങ്ങൾ പങ്കാളികളായി. നാടൻ കലാരൂപങ്ങളും ബാൻഡ് മേളങ്ങളും ചെണ്ടമേളങ്ങളുമായി റൺ കേരള റൺ വർണാഭമായി. സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പുറമെ കലാ കായിക സാംസ്കാരിക സംഘടനകളും രാഷ്ട്രീയ നേതാക്കളും സർക്കാർ ജീവനക്കാരും കായികതാരങ്ങളും വ്യാപാരി— വ്യവസായികളും പങ്കുചേർന്നു. കൊല്ലം നഗരത്തിലെ മെഗാ റൺ മന്ത്രി കെ.സി. ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ.എൻ. ബാലഗോപാൽ എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചലച്ചിത്രതാരങ്ങളായ അശോകനും കുണ്ടറ ജോണിയും പങ്കെടുത്തു.

ആലപ്പുഴ

ജില്ലയിലെ 545 കേന്ദ്രങ്ങളിൽ ലക്ഷങ്ങൾപങ്കാളികളായി. ആലപ്പുഴ നഗരത്തിലെ മെഗാ റൺ കെ.സി. വേണുഗോപാൽ എംപിയും ജി. സുധാകരൻ എംഎൽഎയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനിമാതാരം ശരണ്യ മോഹൻ വൃക്ഷത്തൈ നട്ടു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുളള പ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ ഓട്ടത്തിൽ ഭാഗഭാക്കായി.സുരാജ് വെഞ്ഞാറമൂട് വെള്ളാപ്പള്ളിയെ അനുകരിച്ച് സംസാരിച്ചതു സദസിനു കൗതുകമായി

തൃശൂർ

മുൻകൂട്ടി റജിസ്റ്റർ ചെയ്ത 642 കേന്ദ്രങ്ങളുൾപ്പെടെ ആയിരത്തോളം കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിനു ജനങ്ങൾ അണിനിരന്നു. പുലികളി, ചൈനീസ് ഡ്രാഗൺ, ബാൻഡ് മേളം, കരിന്തലക്കൂട്ടം നാട്ടറിവ് പാട്ട്, തെയ്വം, നാടൻപാട്ട്, ചെണ്ടമേളം, തിരുവാതിര, ഒപ്പന, മാർഗംകളി, സംഗീതശിൽപം, മൃഗരൂപങ്ങൾ, ദേശഭക്തിഗാനത്തിന്റെ സംഗീതശിൽപം തുടങ്ങിയ കലാരൂപങ്ങൾ അണിനിരന്നു. സ്വരാജ് റൗണ്ടിൽ മെഗാറൺ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഐ.എം. വിജയൻ, സി.വി. പാപ്പച്വൻ, ജോപോൾ അഞ്ചേരി, മാർ റാഫേൽ തട്ടിൽ, മാർ പോളി കണ്ണൂക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിലകേന്ദ്രങ്ങളിൽ വിദേശസഞ്ചാരികളും ഓട്ടത്തിൽ പങ്കെടുത്തു.

കണ്ണൂർ

മെഗാറൺ എ.പി. അബ്ദുല്ലക്കുട്ടി എംഎൽഎയും പള്ളിക്കുന്നിൽ കഥാകൃത്ത് ടി. പത്മനാഭനും ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കണ്ണൂരിൽ ആശംസനേരാനെത്തി.

വയനാട്

ജില്ലയിൽ ഇരുനൂറോളം കേന്ദ്രങ്ങളിലായിലക്ഷക്കണക്കിനാളുകൾ പങ്കെടുത്തു. മന്ത്രി പി.കെ. ജയലക്ഷ്മി മെഗാ റൺ കൽപ്പറ്റയിൽ ഫ്ലാഗ് ഓഫ് ചെയ്തു. നടൻ അബു സലിം, ഫുട്ബോൾ താരം സുശാന്ത് മാത്യു എന്നിവർ ദീപശിഖ ഏറ്റുവാങ്ങി. അമ്പെയ്ത്ത് മുൻതാരമായ മന്ത്രി പി.കെ. ജയലക്ഷ്മി മാനന്തവാടിയിൽ അമ്പെയ്തുകൊണ്ട് റൺ കേരള റണ്ണിന്റെ ആവേശത്തിൽ പങ്കുചേർന്നു.

പത്തനംതിട്ട

ജില്ല റൺ കേരള റണ്ണിൽ കണ്ണിചേർത്തതു പതിനായിരങ്ങളെ. പത്തനംതിട്ടയിൽ രാജ്യസഭ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി അടൂർ പ്രകാശ് മുഖ്യാതിഥിയായിരുന്നു. ജില്ലയിൽ 416 കേന്ദ്രങ്ങളിലാണ് കൂട്ടയോട്ടം നടന്നത്. സംവിധായകൻ ബ്ലെസിയും പങ്കെടുത്തു.

പാലക്കാട്

നഗരത്തിൽ നടന്ന ജില്ലാതല കൂട്ടയോട്ടം മന്ത്രി എ.പി. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നടൻ മധുപാൽ, ഷാജു, നടി പാർവതി നമ്പ്യാർ, ഗായകരായ ഉണ്ണിമേനോൻ, അനൂപ് ശങ്കർ എന്നിവർ പങ്കാളികളായി.

മലപ്പുറം

ജില്ലയിൽ മന്ത്രിമാരായ പി.കെ. അബ്ദു റബ്ബ്, മഞ്ഞളാംകുഴി അലി എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. ഒളിംപ്യൻ കെ.ടി. ഇർഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ചേരിയിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമും പങ്കെടുത്തു.