റൺ കേരള റണ്ണിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും

തിരുവനന്തപുരം∙ ദേശീയ ഗെയിംസ് 2015നു മുന്നോടിയായി സംഘടിപ്പിക്കുന്ന റൺ കേരള റണ്ണിന്റെ ആവേശം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും.റൺ കേരള റണ്ണിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണു കക്ഷിരാഷ്ട്രീയ ഭേദമെന്യേ പങ്കെടുക്കാൻ തയാറായത്. ജനപ്രതിനിധികളുടെ സംഘത്തിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അൻസജിത റസലും ഉദ്യോഗസ്ഥരുടെ സംഘത്തിനു ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ചന്ദ്രശേഖരൻ നായരുമാണു നേതൃത്വം നൽകുന്നത്. റൺ കേരള റണ്ണിൽ ജില്ലാ പഞ്ചായത്ത്, അക്ഷയകേന്ദ്രം, സാക്ഷരതാ മിഷൻ, ജില്ലാ യുവജനക്ഷേമ ബോർഡ്, പിഎംജിഎസ് വൈ എക്സി. എൻജിനീയറുടെ ഓഫിസ്
എന്നിവിടങ്ങളിലെ ജീവനക്കാർ പങ്കാളികളാകുമെന്നു ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കടുവയിൽ ട്രസ്റ്റിന്റെ സ്ഥാപനങ്ങളും പങ്കെടുക്കും
കല്ലമ്പലം∙ ദേശീയ ഗെയിംസിന്റെ വിളംബര സന്ദേശമെന്നോണം 20നു നടക്കുന്ന കൂട്ടയോട്ടം മനസ്സുകളുടെ ആവേശത്തിന്റെയും ഒരുമയുടെയും സംഗമമാണ്. ഹൃദയങ്ങൾ ഒന്നാകുന്ന അപൂർവ നിമിഷത്തിൽ പങ്കെടുക്കാൻ കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്ര
സ്റ്റിന്റെ കീഴിലുള്ള പതിനഞ്ചോളം സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, ഭാരവാഹികൾ, മറ്റു ജീവനക്കാർ തുടങ്ങിയവർ തയാറെടുത്തുകഴിഞ്ഞു.കാൽനൂറ്റാണ്ടിനു ശേഷം കേരളത്തിലേക്കു വിരുന്നു വരുന്ന ദേശീയ ഗെയിംസ് വർണ-വർഗ ചിന്തകൾക്കപ്പു
റത്തു മാനുഷിക ഐക്യത്തിന്റെ പുതിയ വഴിത്താരകൾ തുറക്കുന്നതും കായിക ഭൂപടത്തിൽ കേരളത്തിന്റെ മുന്നേറ്റം കുറിക്കുന്നതുമായ മഹാമഹമാണിത്.

രോഗികളും ഓടും,പാലിയം ഇന്ത്യയും
തിരുവനന്തപുരം ∙ റൺ കേരള റണ്ണിന്റെ ആവേശത്തിൽ പങ്കുചേരാൻ പാലിയം ഇന്ത്യയും. രാജ്യത്തെ മുൻനിര സാന്ത്വനപരിചരണ കൂട്ടായ്മയായ പാലിയം ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വൊളന്റിയർമാർക്കൊപ്പം നട്ടെല്ലിനു ക്ഷതമേറ്റു പരിചരണത്തിലുള്ള രോഗികളും കൂട്ടയോട്ടത്തിൽ പങ്കെടുക്കും. നാടിന്റെ കൂട്ടായ്മയിൽ പങ്കെടുക്കാനുള്ള വലിയ അവസരമായാണു റൺ കേരള റണ്ണിനെ കാണുന്നതെന്നു പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാൽ പറഞ്ഞു. കിടപ്പിലായ രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുക എന്ന ലക്ഷ്യവും റൺ കേരള റണ്ണിൽ പങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.