ഒരുക്കമായി സിനിമാക്കാർ കവടിയാറിലോ കനകക്കുന്നിലോ ഓടും

തിരുവനന്തപുരം∙ ട്രിവാൻഡ്രം ഫിലിം ഫ്രറ്റേണിറ്റിയിൽ അംഗങ്ങളായ ചലച്ചിത്ര താരങ്ങളും സംവിധായകരും നിർമാതാക്കളും റൺ കേരള റണ്ണിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കവടിയാറിലോ കനകക്കുന്നിലോ ഓടാനാണ് അവർ ആലോചിക്കുന്നത്. കേരളം മുഴുവൻ ദേശീയ ഗെയിംസ് ലഹരിയിലാകുമ്പോൾ ചലച്ചിത്ര പ്രവർത്തകർ അതിന്റെ മുന്നിൽത്തന്നെ വേണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രാജീവ്നാഥ്, സംവിധായകരായ കെ. മധു, ഷാജി കൈലാസ്, ടി.കെ. രാജീവ് കുമാർ, ജി.എസ്. വിജയൻ, ബാലു കിരിയത്ത്, ക്യാമറാമാൻ വിപിൻ മോഹൻ, താരങ്ങളായ മണിയൻപിള്ള രാജു, മേനക, ചിപ്പി, ആനി, ഇന്ദ്രൻസ്, നന്ദു, പ്രഫ. അലിയാർ, സോനാ നായർ, മായാ വിശ്വനാഥ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നിർമാതാക്കളായ ജി. സുരേഷ്കുമാർ, എം. രഞ്ജിത്ത്, ബി. രാകേഷ്, കല്ലിയൂർ ശശി, ഷാജി നടേശൻ എന്നിവരാണു തലസ്ഥാനത്തു റൺ കേരള റണ്ണിൽ പങ്കെടുക്കുക.

ധനമന്ത്രി കെ.എം. മാണിയുടെ പഴ്സനൽ സ്റ്റാഫിൽ പെട്ട എല്ലാവരും റൺ കേരള റണ്ണിൽ പങ്കെടുക്കും. ഇതിന്റെ പരിശീലനം ഇന്നു തുടങ്ങും. തമ്പാനൂർ ഹൊറൈസൺ ഹോട്ടലിന്റെ ഉടമ സുരേഷ് എം. പിള്ളയും ഹോട്ടലിലെ മുഴുവൻ ജീവനക്കാരും ഓടുന്നുണ്ട്. തമ്പാനൂരിൽ മലയാള മനോരമ ജീവനക്കാർക്ക് ഒപ്പമായിരിക്കും അവർ ഓടുക.