ബൈക്ക് റാലി, പ്രചാരണ കൂട്ടയോട്ടം.. റൺ കേരള ആവേശം പടരുന്നു.

തിരുവനന്തപുരം∙ ദേശീയ ഗെയിംസിന്റെ വരവറിയിച്ചുകൊണ്ടുള്ള റൺ കേരള റണ്ണിന്റെ ആവേശംസംഘടനകളും സ്ഥാപനങ്ങളും ഏറ്റെടുക്കുന്നു. റൺ കേരള റണ്ണിന്റെ വിളംബരമായി കെസിവൈഎം പാളയം ഫൊറോന ബൈക്ക് റാലി നടത്തിയപ്പോൾ കേരളസെക്രട്ടേറിയറ്റ്അസോസിയേഷന്റെ നേതൃത്വത്തിൽ പ്രചാരണകൂട്ടയോട്ടം നടത്തി. കൂട്ടയോട്ടത്തിൽ മുൻ സ്പോർട്സ് താരം കൂടിയായ മന്ത്രി കെ. ബാബു പങ്കെടുത്തു.

സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ ദർബാർ ഹാളിനു മുൻപിലായിവൈകിട്ട് നാലരയോടെ നടന്ന കൂട്ടയോട്ടത്തിൽ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന നൂറിൽപരം പേർ പങ്കെടുത്തു. ‘മലയാളക്കരയിലെ കായിക മാമാങ്കമായ ദേശീയ ഗെയിംസിന് സ്വാഗതം, റൺ കേരള റണ്ണിന് അഭിവാദ്യംഎന്നെഴുതിയ ബാനറിനു പിന്നിലാണ്സെക്രട്ടേറിയറ്റിലെ ജീവനക്കാർ കൂട്ടയോട്ടം നടത്തിയത്. പ്രസിഡന്റ് എ.കെ. മുസ്തഫ, ജന.സെക്രട്ടറി ടി. ശ്രീകുമാർ, സെക്രട്ടറി ചന്ദനം രവി , വൈസ് പ്രസിഡന്റുമാരായ എസ്. ഗിരിധരൻപിള്ള, എ. സുധീർ, ട്രഷറർ എസ്.എസ്. ലളിത് തുടങ്ങിയവർ നേതൃത്വം നൽകി. മന്ത്രി കെ. ബാബു ജീവനക്കാരുടെ ആവേശത്തിൽ പങ്കുചേർന്നു. ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പലിന്റെ ചിത്രമുള്ള ബോർഡുകളും ചിത്രങ്ങളുമായിട്ടാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ റൺ കേരളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു സെക്രട്ടേറിയറ്റ് വലം വച്ചത്.

കെസിവൈഎം പാളയം ഫൊറോന നടത്തിയ റൺ കേരള റൺ ബൈക്ക് റാലിയിൽ 250 ൽ പരം ഇരുചക്രവാഹനങ്ങളാണു പങ്കെടുത്തത്. വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ളവർ റൺ കേരള റണ്ണിന്റെ തീം സോങിനൊപ്പം ഇരുചക്രവാഹനത്തിൽ നീങ്ങി.പാളയം പള്ളിക്കു മുൻപിൽ നിന്നാരംഭിച്ച ബൈക്ക് റാലിപാളയം, പിഎംജി, മ്യൂസിയം വഴി വെള്ളയമ്പലത്തു സമാപിച്ചു.ഐജി: ടിജെ. ജോസ് ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഫൊറോന പ്രസിഡന്റ് ബാസ്റ്റിൻ ബൈജു,ഫാ.റിച്ചാർഡ് സക്കറിയ, റവ.ബിനു ജോസഫ് അലക്സ്, ഫാ.ജയൻ വർഗീസ്, ഇമ്മാനുവൽ മൈക്കിൾ, സന്തോഷ് രാജ് , പ്രകാശ് എന്നിവർ പ്രസംഗിച്ചു.