ടൂറിസ്റ്റുകള്‍, റഷ്യന്‍ സ്ഥിരതാമസക്കാര്‍, കോച്ചുമാര്‍.. അണിചേരാന്‍ റഷ്യന്‍ കോണ്‍സുലേറ്റ്

തിരുവനന്തപുരത്തെ റഷ്യന്‍ സാംസ്കാരിക കേന്ദ്രവും റഷ്യന്‍ കോണ്‍സുലേറ്റും റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുമെന്നു റഷ്യയുടെ ഒാണററി കോണ്‍സുല്‍ രതീഷ് സി. നായര്‍ അറിയിച്ചു. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ-റഷ്യ യൂത്ത് ക്ളബ്ബിലെ അംഗങ്ങളും കള്‍ച്ചറല്‍ സെന്ററിലെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെസ് ക്ളബ്, മ്യൂസിക് സ്കൂള്‍, റഷ്യന്‍ സ്പീക്കേഴ്സ് തുടങ്ങിയ ക്ളബ്ബുകളുടെ അംഗങ്ങളും റണ്‍ കേരള റണ്ണില്‍ പങ്കെടുക്കും.

കേരളത്തില്‍ സ്ഥിരമായി താമസിക്കുന്ന റഷ്യക്കാരെയും റഷ്യന്‍ ടൂറിസ്റ്റുകളെയും ഇൌ സംരംഭത്തില്‍ അണിചേര്‍ക്കും. കേരളത്തില്‍ നിന്നുള്ള രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിയ അത്ലിറ്റുകള്‍ റഷ്യയില്‍ പരിശീലനം നേടിയിട്ടുണ്ട്. കേരളത്തിലെ കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന വിദേശ കോച്ചുകളില്‍ കൂടുതലും റഷ്യക്കാരാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ അഭിമാനമാകാന്‍ പോകുന്ന നാഷനല്‍ ഗെയിംസിന്റെ തിരനോട്ടമായ റണ്‍ കേരള റണ്ണില്‍ പങ്കെടുക്കാന്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന് അഭിമാനമുണ്ടെന്ന് രതീഷ് സി. നായര്‍ പറഞ്ഞു.