ഒരു ഒാർമ്മപ്പെടുത്തൽ

ലാലു അലക്സ് (നടൻ)
വലിയവനെന്നും ചെറിയവനെന്നും വ്യത്യാസമില്ലാതെ എല്ലാവരും ഒന്നാകുന്ന അവസരമാണ് റൺ കേരള റണിലൂടെ ഉണ്ടാകുന്നത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരുടെയും കൂട്ടായ്മ അന്നുണ്ടാകും. കാലം മാറിയതോടൊപ്പം മലയാളികളുടെ ശീലവും മാറി. സ്കൂളിൽ പോകാൻ മൈലുകളോളം നടന്നിരുന്ന കാലം നമ്മൾക്കുണ്ടായിരുന്നു. കുളത്തിലും പുഴയിലുമെല്ലാം നീന്തി തുടിച്ച കാലവുമുണ്ടായിരുന്നു. അതെല്ലാം നഷ്ടമായി . ആരോഗ്യത്തെ കുറിച്ചുള്ള ഒരു ഒാർമ്മപ്പെടുത്തലായിരിക്കും ഈ കൂട്ടയോട്ടം. നമ്മുടെ നാട്ടിൽ അയൽക്കാർ തമ്മിലും ബന്ധുക്കൾ തമ്മിലും ഇപ്പോൾ പഴയ പോലെ സ്നേഹബന്ധങ്ങളില്ല. സമയമില്ലായ്മയാണ് സ്നേഹക്കുറവിനു കാരണം. അതിനെ മറികടക്കാൻ വേണ്ടത് കൂട്ടായ്മകളാണെന്ന കാര്യത്തിൽ സംശയമില്ല. മടിപിടിച്ചിരിക്കുന്ന ഒരു വലിയ സമൂഹം നമ്മൾക്കുണ്ട്. അവരെ ഉണർത്താനും റൺ കേരള റൺ സഹായിക്കും. വിവിധ തുറകളിൽ ജോലി ചെയ്യുന്നവരിൽ പുതിയ ഊർജം നിറയ്ക്കാനും നല്ല ആരോഗ്യശീലത്തിലേക്ക് നയിക്കാനും ഈ ഒാട്ടത്തിനു കഴിയും. റൺ കേരള റൺ വലിയ വിജയമാകുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.സ്നേഹത്തിന്റെ വിളംബര ജാഥയായി മാറുന്ന ഈ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഞാനുമുണ്ടാകും.