ഒാടാൻ സർക്കാർ ജീവനക്കാരും

തിരുവനന്തപുരം ∙ ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടക്കുന്ന ‘റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും അനുമതി നൽകി സർക്കാർ ഉത്തരവായി. ഏഴായിരത്തിലേറെ കേന്ദ്രങ്ങളിൽ നടത്തുന്ന ‘റൺ കേരള റൺ പരിപാടിക്കും പ്രചാരണത്തിനും മൈക്ക് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്.

രാവിലെ 10.30 മുതൽ 11.30 വരെ റൺ കേരള റണ്ണിൽ പങ്കെടുക്കുന്നതിന് ഓഫിസിൽ നിന്നു വിട്ടുനിൽക്കുന്നതിനാണു ജീവനക്കാർക്ക് അനുമതി. ഹൈക്കോടതി, സർവകലാശാലകൾ, പിഎസ്സി, ഗവ. സെക്രട്ടേറിയറ്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, ലോകായുക്ത, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തുടങ്ങിയവയിലെ ജീവനക്കാർക്കും ഓട്ടത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ട്. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതിൽ പങ്കാളികളാകാൻ സർക്കാർ ജീവനക്കാർ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഉത്തരവ് ഇറക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.