റൺകേരള റൺ മാറനല്ലൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി

മാറനല്ലൂർ∙ റൺ കേരള റണ്ണിന്റെ ഒരുക്കങ്ങൾ മാറനല്ലൂരിൽ പൂർത്തിയായി. കണ്ടല സഹകരണ ആശുപത്രി ജംക്ഷനിൽ നിന്നാരംഭിക്കുന്ന ഓട്ടം മൂലകോണത്ത് സമാപിക്കും. ജില്ലാ പഞ്ചായത്ത് അംഗം മലയിൻകീഴ് വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യും.

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥികൾക്കു പുറമെ, കണ്ടല സർവീസ് സഹകരണ ബാങ്ക്, മാറനല്ലൂർ ക്ഷീര, കണ്ടല സഹകരണ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ, ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്വുകൾ, ഗ്രന്ഥശാല പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും ഓട്ടത്തിൽ അണിചേരും.

ഇതിനു പുറമെ പഞ്ചായത്തിലെ വിവിധ സ്കൂളുകൾക്കു മുന്നിൽ നിന്നു സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഓട്ടം നടക്കും. പങ്കജ കസ്തൂരി എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും, ജീവനക്കാരും കണ്ടല ജംക്ഷനിൽ നിന്നാരംഭിക്കുന്ന റൺ കേരള റണ്ണിൽ അണിചേരും. ഇവർക്കൊപ്പം വിവിധ രംഗങ്ങളിലെ സാമൂഹിക—സാംസ്കാരിക പ്രവർത്തകർ അണിചേരുമെന്ന് കോളജ് ചെയർമാൻ ജെ. മഹേന്ദ്രൻ നായർ അറിയിച്ചു. നെല്ലിക്കാട് മദർതെരേസ കോളജ് വിദ്യാർഥികളും, അധ്യാപകരും നെല്ലിക്കാട് നിന്നു പൊട്ടൻകാവ് വരെയാണ് ഓടുക.

പഞ്ചായത്തിലെ സ്കൂൾ പോയിന്റുകൾ: കർമ്മലമാതാ ഇംഗ്ലിഷ് മീഡിയം സ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു പുന്നാവൂർ ജംക്ഷൻവരെ. പുന്നാവൂർ എൽപിഎസ്: സ്കൂളിനു മുന്നിൽ നിന്നു പുന്നാവൂർ വരെ. ഡിവിഎംഎൻഎൻഎം ഹയർ സെക്കന്ററി സ്കൂൾ: സ്കൂൾ മുന്നിൽ നിന്ന് അരുമാളൂർ വരെ. കണ്ടല ഹൈസ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു തൂങ്ങാംപാറവരെ. കണ്ടല എഎംജെ ഇംഗ്ലിഷ് മീഡിയം സ്കൂൾ: തൂങ്ങാംപാറയിലേക്ക്.

ഊരുട്ടമ്പലം സരസ്വതി വിദ്യാലയം: സ്കൂളിനു മുന്നിൽ നിന്ന് ഊരുട്ടമ്പലത്തേക്ക്.ഊരുട്ടമ്പലം യുപിഎസ്:ഊരുട്ടമ്പലം ജംക്ഷൻ മുതൽ പോപ്പുലർ ജക്ഷൻ വരെ. എൽപി സ്കൂൾ: ഊരുട്ടമ്പലത്ത് നിന്നു ബാലരാമപുരം റോഡിലേക്ക്. നെല്ലിക്കാട് ഫാ.ഫിലിപ്പ് ഹയർ സെക്കൻഡറി സ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു കൊല്ലോട് വരെ. ഓരോ സ്കൂൾ പോയിന്റുകളിൽ നിന്നുമുള്ള കൂട്ടയോട്ടം ഇരുനൂറ് മീറ്റർ മുതൽ ഒരുകിലോ മീറ്റർ വരെയാണു നിശ്ചയിച്ചിട്ടുള്ളത്. ഓരോ സ്കൂളിനും സൗകര്യപ്രദമായ ദൂരം തിരഞ്ഞെടുക്കാം. റൺകേരള റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് പരിധിയിലെ വ്യക്തികൾ, സംഘടനകളിലെ പ്രവർത്തകർ എന്നിവർ മാറനല്ലൂരിലെ പ്രധാന പോയിന്റിലെത്തി കൂട്ടയോട്ടത്തിൽ അണിചേരാം.