ചരിത്രം രചിക്കുന്ന റൺ കേരള റണ്ണിന് ഇനി ഒരുനാൾ കൂടി

കാട്ടാക്കട∙ ചരിത്രം രചിക്കാനൊരുങ്ങുന്ന റൺ കേരള റണ്ണിനായി ഗ്രാമങ്ങൾ ഒരുങ്ങി. നാടിന്റെ മക്കളും, കാടിന്റെ മക്കളും ഒരു മനസ്സായി റൺ കേരള റണ്ണിനായി കൈകോർക്കും. നാടാകെ റൺ കേരള റണ്ണിന്റെ ലഹരിയിലാണ്. ഓട്ടത്തിൽ പങ്കെടുക്കാനെത്തുന്നവർക്കു നൽകാൻ തൊപ്പികളും, കുടിവെള്ളവുമൊക്കെയൊരുക്കാൻ അനവധി പേരാണു മുന്നോട്ടുവരുന്നത്. റൺ കേരള റണ്ണിനെ ഗ്രാമീണമേഖല നെഞ്ചേറ്റിയതിന്റെ തെളിവായി ഇതൊക്കെ.

ഓട്ടത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഡപ്യൂട്ടി കലക്ടർ പത്മകുമാരിയുടെ അധ്യക്ഷതയിൽ കാട്ടാക്കട താലൂക്ക് ഓഫിസിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എല്ലാവിഭാഗം ജനങ്ങളും ഒത്തുചേരുന്ന അപൂർവ സംഗമത്തിനാകും ചൊവ്വാഴ്ച സാക്ഷ്യം വഹിക്കുക.

താലൂക്ക് ആസ്ഥാനത്തെ കൂട്ടയോട്ടം ഡപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ ഫ്ലാഗ് ഓഫ് ചെയ്യും. കവി മുരുകൻ കാട്ടാക്കട പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ സംഘടനകൾ, വ്യക്തികൾ എന്നിവർക്കു പുറമെ, കാട്ടാക്കട ക്രിസ്ത്യൻ കോളജ്, പങ്കജകസ്തൂരി ആയുർവേദ കോളജ്, കട്ടയ്ക്കോട് വിഗ്യാൻ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും, ജീവനക്കാരും കാട്ടാക്കടയിലെ റൺ കേരള റണ്ണിൽ അണിചേരും. പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട്, മാറനല്ലൂർ എന്നിവിടങ്ങളിൽ നിന്നും റൺ കേരള റൺ കൂട്ടയോട്ടമുണ്ട്. മാറനല്ലൂരിലെ പ്രധാന പോയിന്റിൽ ക്രൈസ്റ്റ് നഗർ കോളജും, കുറ്റിച്ചലിൽ ലൂർദ്മാതാ കോളജും, കള്ളിക്കാട് സഹകരണ കോളജും അണിചേരും.

എസ്എൻഡിപി യൂണിയൻ കുറ്റിച്ചലിലും, കാട്ടാക്കടയിലും, ആര്യനാട്ടും പ്രവർത്തകരെ പങ്കെടുപ്പിക്കും. കാട്ടാക്കട, കുറ്റിച്ചൽ, പൂവച്ചൽ, കള്ളിക്കാട്, മാറനല്ലൂർ പഞ്ചായത്തുകളിലെ പ്രധാന സ്കൂൾ പോയിന്റുകൾ. എല്ലാ സ്കൂളിനും മുന്നിൽ നിന്നാണ് ഓട്ടം തുടങ്ങുക. ഇരുനൂറു മുതൽ എണ്ണൂറു മീറ്റർവരെയാണു ദൂരപരിധി നിശ്ചയിച്ചിട്ടുള്ളത്. ഓരോ സ്കൂളിനും ഇഷ്ടമുള്ള ദൂരം തിരഞ്ഞെടുക്കാം.

കാട്ടാക്കട: പി.ആർ. വില്യം ഹൈസ്കൂൾ: സ്കൂളിന് മുന്നിൽ നിന്നും ചൂണ്ടുപലക വരെ. വിശ്വദീപ്തി സെൻട്രൽ സ്കൂൾ: ചൂണ്ടുപലക വരെ. പ്ലാവൂർ ഹൈസ്കൂൾ: സ്കൂൾ ജംക്ഷൻ മുതൽ മംഗലയ്ക്കൽ വരെ. കെ.ഇ. കാർമ്മൽ: കുച്ചപുറം മുതൽ മണ്ഡപത്തിൻകടവ് വരെ. സെന്റ് മാത്യൂസ്: സ്കൂളിനു മുന്നിൽ നിന്ന് ആമച്ചൽ വരെ. കുളത്തുമ്മൽ എൽപിഎസ്: സ്കൂളിനു മുന്നിൽ നിന്നു മാർക്കറ്റ് റോഡിലേക്ക്. കുളത്തുമ്മൽ ഹൈസ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു കാട്ടാക്കട വരെ.

ചിൻമയ സ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു കാട്ടാക്കട ജംക്ഷൻ. കട്ടയ്ക്കോട് സെന്റ് ആന്റണീസ് യുപി സ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു കാട്ടാക്കട വരെ. പൂവച്ചൽ: പൂവച്ചൽ യുപി സ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു പൂവച്ചൽ വരെ. പൂവച്ചൽ ഹയർസെക്കൻഡറി സ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു ബാങ്ക് ജംക്ഷൻ വരെ. കൊണ്ണിയൂർ സെന്റ് തെരേസാസ് കോൺവന്റ്: സ്കൂളിനു മുന്നിൽ നിന്ന് ഉണ്ടപാറ വരെ. വീരണകാവ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ: സ്കൂളിനു മുന്നിൽ നിന്നു വീരണകാവ് ജംക്ഷൻ വരെ.