ജാതിമതമില്ല; രാഷ്ട്രീയമില്ല.. റൺ കേരളയിൽ ചേരാൻ നേതാക്കൾ

എം. വിജയകുമാർസിപിഎം നേതാവ്, മുൻ കായികമന്ത്രി)
റൺ കേരള റണ്ണിൽ ഞാൻ സെക്രട്ടേറിയറ്റിനു മുന്നിലെ പ്രധാന വേദിയിൽ തന്നെയുണ്ടാകും. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ അതു വിജയിപ്പിക്കാനുള്ള എല്ലാ പരിശ്രമങ്ങളെയും പിന്തുണയ്ക്കും. അഭൂതപൂർവമായ പിന്തുണയാണു റൺ കേരള റണ്ണിനു ലഭിച്ചുവരുന്നത്.

വി.എസ്. ജോയ് (കെഎസ്യു സംസ്ഥാന പ്രസിഡന്റ്)
റൺ കേരള റണ്ണിന് എല്ലാ അഭിവാദ്യങ്ങളും നേരുന്നു. കേരളത്തിലെ മുഴുവൻ കെഎസ്യു പ്രവർത്തകരോടും ഇതിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റികൾ ഇതിന്റെ മുന്നൊരുക്കത്തിലാണ്. സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും ഇതിനായി ഞങ്ങൾ അണിചേരും. സർക്കുലർ മുഖേന നിർദേശം നൽകിക്കഴിഞ്ഞു. വിദ്യാർഥികളിലാണു കായികകേരളത്തിന്റെ ഭാവി. ആ ശുഭസന്ദേശം എത്തിക്കാൻ ഈ മഹാ ഓട്ടത്തിനു കഴിയട്ടെ.

എ. പ്രസാദ് (സംസ്ഥാന സെക്രട്ടറി, എബിവിപി)
ദേശീയ ഗെയിംസിനു കേരളം ആതിഥ്യം വഹിക്കുന്നു എന്നതു മുഴുവൻ കേരളീയർക്കും ആഹ്ലാദവും അഭിമാനവും നൽകുന്നു. ഇതിനു മുന്നോടിയായുള്ള ‘റൺ കേരള റൺ കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന ഒരു പരിപാടിയായി മാറുകയാണ്. അതിൽ ഞാനടക്കം എബിവിപിയുടെ മുഴുവൻ പ്രവർത്തകരും അണിനിരക്കും.

ബിന്ദു കൃഷ്ണ (മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)
റൺ കേരള റണ്ണിൽ ഞാൻ കൊല്ലത്ത് അണിനിരക്കും. മഹിളാ കോൺഗ്രസിന്റെ പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ട്. ഞങ്ങളുടെ പ്രവർത്തകരോട് എല്ലായിടത്തും എത്തിച്ചേരാൻ നിർദേശം നൽകിക്കഴിഞ്ഞു.

പി. ജ്യോതീന്ദ്രകുമാർ (ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി)
റൺ കേരള റണ്ണിൽ ഭാഗഭാക്കാകാൻ ഞങ്ങളെല്ലാവരുമുണ്ടാകും. ഹിന്ദു ഐക്യവേദിയുടെ പ്രവർത്തകരെല്ലാം ഇതിന്റെ ഒരുക്കങ്ങളിലാണ്.