കൂട്ടയോട്ടത്തിന്റെ ആവേശത്തിൽ നാടും നഗരവും

നെയ്യാറ്റിൻകര∙ ദേശീയ ഗെയിംസിനു മുന്നോടിയായി നാളെ നടക്കുന്ന കൂട്ടയോട്ടത്തിന്റെ ആവേശത്തിലാണു നാടും നഗരവും. കൂട്ടയോട്ടം നൽകുന്ന സന്ദേശത്തിന്റെ വിളംബരമറിയിച്ചു സംഘടനകളും സ്ഥാപനങ്ങളും പലേടത്തും ഇന്നലെ ട്രയൽ റൺ നടത്തി. നേരത്തേ പരിശീലനം നടത്തിയവരാണ് ഇന്നലെ നിരത്തിലിറങ്ങിയത്. കൂട്ടയോട്ടത്തെ ഇതിനകം ജനം നെഞ്ചേറ്റിക്കഴിഞ്ഞുവെന്നതിനു തെളിവായി നാളത്തേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണേവരും. കൂട്ടയോട്ടം നടക്കുന്ന പ്രധാന പോയിന്റുകളിൽ കലാപരിപാടികളും കവിയരങ്ങും നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടാകും.

സംഘാടകരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള സഹകരണമാണു വിവിധ സംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. കൂട്ടയോട്ടം ചരിത്ര സംഭവമാക്കാനുള്ള അണിയറ പ്രവർത്തനമാണു നടക്കുന്നത്. നെയ്യാറ്റിൻകര നഗരസഭ ബസ്സ്റ്റാൻഡ് ജംക്ഷനിൽ കൂട്ടയോട്ടത്തിനെത്തുന്നവർക്കു പ്രത്യേകം തയാറാക്കിയ ക്യാപ്പുകൾ വിതരണം ചെയ്യുന്നുണ്ട്. അവിടെ നേതൃത്വം നൽകുന്ന നഗരസഭ 44 കൗൺസിലർമാരെയും നഗരസഭാ ജീവനക്കാരെയും പങ്കെടുപ്പിക്കുന്നതിനു പുറമെ കുടുംബശ്രീ അംഗങ്ങളെയും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങളെയും അണിനിരത്തും.

താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകളിലെ അംഗങ്ങളെ പങ്കെടുപ്പിക്കുന്നുണ്ട്. കെഎസ്ആർടിസിയിലെ എല്ലാ യൂണിയനുകളും പ്രവർത്തകരെ ഓട്ടത്തിനായി
സജ്ജരാക്കിക്കഴിഞ്ഞു. വ്യാപാരി വ്യവസായി സംഘടനകളും ഓട്ടത്തിൽ പങ്കാളികളാണ്. നഗരത്തിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്വുകൾ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി. സർവീസ് സംഘടനകളും ഓട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ പൊതുജന പങ്കാളിത്തം കൊണ്ടും കൂട്ടയോട്ടം ശ്രദ്ധേയമാകും. നഗരത്തിലെ മൂന്നുകല്ലിൻമൂട് ജംക്ഷനിൽനിന്നു തുടങ്ങുന്ന കൂട്ടയോട്ടത്തിനു സിപിഎം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി നേതൃത്വം നൽകും.

പാർട്ടിയുടെ പോഷക സംഘടനാംഗങ്ങളും ഓട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. പത്താംകല്ല് നിംസ് മെഡിസിറ്റി അവിടത്തെ മെഡിക്കൽ വിദ്യാർഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് ഓടുന്നുണ്ട്. പ്രത്യേക ജഴ്സി അണിഞ്ഞ് അതിയന്നൂർ ഭാഗത്തേക്കാണ് അവരുടെ ഓട്ടം. മാരായമുട്ടം സർവീസ് സഹകരണബാങ്ക് ആവേശക്കുതിപ്പിലാണ്. കൂട്ടയോട്ടത്തിന്റെ പ്രാധാന്യം അറിയിക്കാൻ വ്യാപകമായി പോസ്റ്ററുകൾ ഒട്ടിച്ചും സന്ദേശം വ്യക്തമാക്കുന്ന നോട്ടീസുകൾ പ്രചരിപ്പിച്ചും ഓട്ടത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.

ഇതിനൊക്കെ പുറമെ നഗരത്തിലെ ഗവ. ബോയ്സ്—ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകളിലെയും ജെബിഎസിലെയും സെന്റ് ഫിലിപ്സ്, സെന്റ് തെരേസാസ് കോൺവന്റ് ഹയർസെക്കൻഡറി, വിദ്യാധിരാജ വിദ്യാനിലയം സ്കൂളുകളിലെയും വിശ്വഭാരതി, ജിആർ, വിവേകാനന്ദ പബ്ലിക് സ്കൂളുകളിലെയും ഊരൂട്ടുകാല ഗവ. ഹൈസ്കൂളിലെയും കുട്ടികൾ വെവ്വേറെയായി നഗരത്തിലോടുന്നു. നഗരപ്രാന്തത്തിലെ ഓലത്താന്നി വിക്ടറി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, അമരവിള എൽഎംഎസ് ഹയർസെക്കൻഡറി സ്കൂൾ, പുല്ലാമല പിജിഎം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, അമരവിള ജെബിഎസ്, മാരായമുട്ടം ഗവ. ഹയർസെക്കൻഡറി സ്കൂൾ, അരുവിപ്പുറം സെൻട്രൽ സ്കൂൾ, പെരുമ്പഴുതൂർ ഗവ. പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലെ കുട്ടികളും ഓട്ടത്തിനുള്ള തയാറെടുപ്പിലാണ്.