റൺ, നഗരമേ! റൺ നാളെ രാവിലെ 10. 30ന് റൺ കേരള റൺ; ആവേശക്കൊടുമുടിയിൽ തലസ്ഥാനം!

തിരുവനന്തപുരം. ദേശീയ ഗെയിംസിനു മുന്നോടിയായി നാളെ രാവിലെ പത്തരയ്ക്കു നടക്കുന്ന റൺ കേരള റണ്ണിൽ പങ്കെടുക്കാൻ ജില്ല അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. റൺ കേരളയിൽ ആരൊക്കെ പങ്കെടുക്കും എന്നല്ല, ആരാണു പങ്കെടുക്കാതിരിക്കും എന്ന മട്ടിലാണ് ആവേശം.

ജില്ലയിൽ തുടക്കത്തിൽ അഞ്ഞൂറോളം കേന്ദ്രങ്ങളിലാണു കൂട്ടയോട്ടം ആസൂത്രണം ചെയ്തതെങ്കിലും ജനപങ്കാളിത്തം സംഘാടകരുടെ പ്രതീക്ഷയ്ക്കപ്പുറമായി. ആയിരത്തോളം കേന്ദ്രങ്ങളിൽ നാളെ കൂട്ടയോട്ടം നടത്തുമെന്നു ജില്ലയിൽ റൺ കേരള റണ്ണിനു നേതൃത്വം നൽകുന്ന മന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു. റൺ കേരളയ്ക്കു മുന്നോടിയായി സ്കൂളുകളും സ്ഥാപനങ്ങളും ന്നദ്ധസംഘടനകളും ട്രയൽ റൺ നടത്തിയതോടെ ‌നാടും നഗരവും ആവേശത്തിമർപ്പിലാണ്. ജില്ലയിൽ റൺ കേരള റണ്ണിനു നേതൃത്വം നൽകുന്ന മന്ത്രി വി.എസ്. ശിവകുമാർ, ഡപ്യൂട്ടി കലക്ടർ എസ്. കാർത്തികയേൻ, ഭാര്യയും ശുചിത്വമിഷൻ ഡയറക്ടറുമായ എൻ. വാസുകി, കോർപറേഷൻ പ്രതിപക്ഷ നേതാവ് ജോൺസൺ ജോസഫ്, കൗൺസിലർ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കനകക്കുന്നിൽ ട്രയൽ റൺ നടന്നു.പ്രസ് ക്ലബ്ബിനു മുന്നിൽ കരാട്ടെ താരങ്ങൾ നടത്തിയ ട്രയൽ റൺ കെ മുരളീധരൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. എസ്. സക്കീർ ഹുസൈൻ,അഡ്വ. മുഹമ്മദ് നിസാം എന്നിവർ നേതൃത്വം നൽകി.പൊലീസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തിയ ട്രയൽ റൺ മ്യൂസിയത്തിനു മുന്നിൽ മന്ത്രി വി.എസ്. ശിവകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. കളർ ബലൂണുകളും ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മുവിനെയും കയ്യിലേന്തിയാണ് ഉദ്യോഗാർഥികൾ ട്രയൽ റൺ നടത്തിയത്.