ചരിത്രക്കുതിപ്പായി റൺ കേരള റൺ

തിരുവനന്തപുരം ∙ റൺ കേരള റണ്ണിന് മലയാളികൾ നൽകിയ അഭൂതപൂർവമായ പിന്തുണയിൽ തനിക്ക് അത്ഭുതമില്ലെന്നും കേരളം തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക ഇഷ്ടമുള്ള നാടാണെന്നും സച്ചിൻ തെൻഡുൽക്കർ. മുഴുവൻ കേരളവും ദേശീയ ഗെയിംസിനു വേണ്ടിയുള്ള കൂട്ടയോട്ടത്തിൽ ആവേശത്തോടെ അണിനിരന്നത് ആഹ്ലാദകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. റൺ കേരള റണ്ണിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റൺ കേരള റൺ മഹത്തായ ആശയമാണ്. കായികതാരം എന്ന നിലയിൽ ഓട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എനിക്കു ബോധ്യമുണ്ട്. ഏറ്റവും ആരോഗ്യമുള്ള നാടായി ഇന്ത്യ അറിയപ്പെടണമെന്നാണ് എന്റെ ആഗ്രഹം. കേരളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. കേരള ബ്ലാസ്റ്റേഴ്സിന് കേരളം നൽകിയ പിന്തുണ ടീമിലെ കളിക്കാരെ പോലും അത്ഭുതപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് എന്റെ ടീമല്ല. അതു നമ്മുടെ ടീമാണ്. അവർക്കു നൽകിയ പിന്തുണ ദേശീയ ഗെയിംസിന് എത്തുന്ന എല്ലാ കായികതാരങ്ങൾക്കും നൽകണമെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. 27 വർഷത്തിനു ശേഷം കേരളത്തിലെത്തുന്ന ദേശീയ ഗെയിംസിനെ കേരളം ‘ടിപ്പിക്കൽ മലയാളി സ്റ്റൈലിൽ വരവേല?്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗെയിംസിനെത്തുന്ന താരങ്ങൾക്ക് ജീവിതകാലം മുഴുവൻ താലോലിക്കാൻ കഴിയുന്ന ഓർമകൾ സമ്മാനിക്കണം. –സച്ചിൻ പറഞ്ഞു. തെളിഞ്ഞ മലയാളത്തിൽ നമസ്കാരം പറഞ്ഞാണ് സച്ചിൻ സെൻട്രൽ സ്റ്റേഡിയത്തിൽ ആരവങ്ങളുയർത്തിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്തത്. ദേശീയ ഗെയിംസിന് വീണ്ടും വരുമെന്ന ഉറപ്പുനൽകി മടങ്ങുമ്പോൾ വേദിയിൽ നിന്ന് സദസിനെ ചേർത്ത് സെൽഫിയെടുക്കാനും സച്ചിൻ മറന്നില്ല. കേരള കായികചരിത്രത്തിന്റെ ഡോക്യുമെന്ററി മുഖ്യമന്ത്രി ഉമ്മൻചാണ്ടി സച്ചിനു നൽകി പ്രകാശനം ചെയ്തു. കേരളം മനസുവച്ചാൽ എവിടേയുമെത്താനും എന്തു വേണമെങ്കിലും നടത്താനും കഴിയുമെന്ന് റൺ കേരള റണ്ണിന്റെ വിജയത്തിലൂടെ തെളിഞ്ഞതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.