റണ്‍ കേരള റണ്‍, ഒരുക്കങ്ങള്‍ വിപുലം

പുല്‍പള്ളി . ദേശീയ ഗെയിംസിന് മുന്നോടിയായുള്ള റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിനുള്ള തയാറെടുപ്പുകള്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. കേരളത്തിന്റെ കായിക പാരമ്പര്യത്തെ വാനോളമുയര്‍ത്താന്‍ ലഭിച്ച അവസരമെന്ന നിലയില്‍പുതിയ കായിക സംസ്കാരവും കായിക മേഖലയ്ക്ക് പുതിയ മാനങ്ങള്‍ ലഭിക്കുന്നതുമായ ദേശീയ ഗെയിംസ് വിജയിപ്പിക്കുന്നതിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പരമാവധി പേരെ ഓരോ പോയിന്റുകളിലും എത്തിച്ച് കൂട്ടയോട്ടത്തിന്റെ കണ്ണികളാക്കാനാണ് ശ്രമം. ഇതിനായുള്ള ആലോചനാ യോഗങ്ങള്‍ സ്കൂളുകളില്‍ നടക്കുന്നു. പുല്‍പളളിയിലെ കൂട്ടയോട്ടം പൊതുജന പങ്കാളിത്തത്തോടെ വിജയിപ്പിക്കാന്‍ സെന്റ് ജോര്‍ജ് യു.പി.സ്കൂളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ഇടവക സമൂഹം, വൈഎംസിഎ, ലയണ്‍സ് ക്ളബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ജില്ലാ കരാട്ടേ അസോസിയേഷന്‍, പുല്‍പള്ളി സ്പോര്‍ട്സ് അക്കാദമി, പഴശ്ശി രാജാ കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പുറമെ പൊതുജനങ്ങളും പങ്കാളിളാകും. സീതാദേവീ ക്ഷേത്ര പരിസരത്തു നിന്ന് സെന്റ് ജോര്‍ജ് നഗറിലേക്കാണ് കൂട്ടയോട്ടം ക്രമീകരിച്ചിട്ടുള്ളത്.പങ്കെടുക്കുന്നവര്‍ 20 ന് പത്ത് മണിക്ക് മുന്‍പായി ക്ഷേത്രത്തിന് സമീപത്തെത്തണം. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ഓട്ടത്തില്‍ അണിചേരുകയും ചെയ്യും. ജനപ്രതിനിധികള്‍, വ്യാപാരികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പരിപാടിയില്‍ കണ്ണികളാകും.യോഗത്തില്‍ ഫാ.ലാസര്‍ പുത്തന്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.വിജയന്‍ കുടിലില്‍, കെ.വി.കുര്യാക്കോസ്, ടി.സി.ജോര്‍ജ്, ജോസ് തടത്തില്‍,ജോര്‍ജ് വട്ടപ്പാറ, റെജി തടത്തില്‍, എന്‍.എം.തോമസ്,മറിയം വല്‍സല, മത്തായി ആതിര, സിസ്റ്റര്‍ കുസുമം, സിസ്റ്റര്‍ ആനന്ദ, ജെയിംസ് വര്‍ഗീസ്,സൌമിനി, ജുഫല്‍ ഹസന്‍,സിസ്റ്റര്‍ സീമ, സാജന്‍മാത്യു എന്നിവര്‍ പ്രസംഗിച്ചു.