കേരം തിങ്ങും നാട് കേരളമായി; പക്ഷേ മലയയിൽ നിന്നാണ് തെങ്ങ് എത്തിയതെന്ന് ഒരു കൂട്ടർ; ശാസ്ത്രീയ തെങ്ങുകൃഷി കേരളത്തെ പഠിപ്പിച്ചത് ഡച്ചുകാരെന്ന് മറ്റു ചിലർ. എന്തൊക്കെയാണെങ്കിലും ഭക്ഷണത്തിൽ തേങ്ങയും വെളിച്ചെണ്ണയുമില്ലാതെ മലയാളികളുടെ ഒരു ദിവസത്തെപ്പറ്റി ആലോചിക്കാനാകുമോ?
xകാടിയോണിക്കഞ്ഞി, വിഷുക്കഞ്ഞി, ഔഷധക്കഞ്ഞി, ചാമക്കഞ്ഞി, ഗോതമ്പുകഞ്ഞി, കർക്കടകക്കഞ്ഞി, പൂക്കഞ്ഞി, പൊടിയരിക്കഞ്ഞി, കഷായക്കഞ്ഞി, കുതിരമൂട്ടിൽ കഞ്ഞി, മത്തിചുട്ട കഞ്ഞി... എണ്ണിയാലൊടുങ്ങാത്തത്ര തരമുണ്ട് മലയാളിയുടെ ഈ പ്രിയ ഭക്ഷണം. പക്ഷേ വയലിൽ പണിയെടുത്തു വന്ന അവർണന് ജന്മി മുറ്റത്ത് കുഴികുത്തി ചേമ്പിലയിട്ടു വിളമ്പിക്കൊടുത്ത കഞ്ഞിയും പുഴുക്കും ആളിക്കത്തിച്ചത് ഒരു ജനതയുടെ സമരവീര്യത്തെയായിരുന്നു. ജന്മിത്വത്തിനെതിരെയുള്ള ആ പോരാട്ടം വഴിമാറ്റിയത് കേരളചരിത്രത്തെയും...
xപ്രാചീനകാലം മുതൽക്കേ അറേബ്യയുമായി വ്യാപാരത്തിലേർപ്പെട്ടിരുന്നു കേരളീയർ. അവിടത്തെ കൊതിയൂറും രുചികളായ ബിരിയാണിയും നെയ്ച്ചോറും ഹൽവയുമെല്ലാം മലയാളിയുടെ നാവിലേക്കും രുചിക്കപ്പലോടിച്ചെത്തിയത് തികച്ചും സ്വാഭാവികം. മറുനാടിനു സമ്മാനിക്കാന്‍ കേരളത്തിന്റെ കയ്യിലുണ്ടായിരുന്നതാകട്ടെ ഇവിടെ വൻതോതിൽ വിളഞ്ഞ സുഗന്ധവ്യഞ്ജനങ്ങളും. :)
xപുട്ടും കടലയും, പുട്ടും പപ്പടവും, പുട്ടും പഴവുമൊക്കെ കൂട്ടിയൊരു പിടിപിടിക്കാത്ത മലയാളിയുണ്ടോ? പക്ഷേ ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്ക് കപ്പലേറിയെത്തിയതാണ് പുട്ടെന്ന നമ്മുടെ പ്രിയപ്രാതലെന്നാണ് ഒരു വാദം. പാക്കിസ്ഥാനിൽ നിന്നാണത്രേ തന്തൂരി ചിക്കന്റെ വരവ്!
x‘നമുക്കോരോ നാരങ്ങാവെള്ളാങ്ങട് പൂശ്യാലോ...’ എന്ന ചോദ്യത്തിൽത്തന്നെ മനസ്സു കുളിരും മലയാളികളുടെ. ചൂടും മഴയും മഞ്ഞുമെല്ലാം മാറി വരുന്ന കാലാവസ്ഥ നമുക്കു സമ്മാനിച്ചത് സംഭാരവും ഇളനീരും റോസ്മിൽക്കും നന്നാറി സർബത്തും നാരങ്ങാവെള്ളവുമെല്ലാമായ പാനീയലോകമാണ്. കാലം മാറിയതോടെ മിൽക് ഷേക്കും തണ്ണിമത്തൻ ജ്യൂസും കുലുക്കി സർബത്തും ഒക്കെയായിരിക്കുന്നു പ്രിയപാനീയങ്ങൾ.
xകപ്പയും കാന്താരിയും, കപ്പയും മീനും, കപ്പയും ബീഫും...ഹാ എന്താ രുചി! വീടുകളിലും തട്ടുകടകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമെല്ലാം ഇന്ന് മിന്നുംതാരമാണ് കപ്പ/മരച്ചീനി/കൊള്ളി. ബ്രസീലിൽ നിന്ന് പോർച്ചുഗീസുകാരാണത്രേ ആദ്യമായി കപ്പ കേരളത്തിലെത്തിച്ചത്; രണ്ടാംലോകമഹായുദ്ധ കാലത്ത് ക്ഷാമം പടർന്നുപിടിച്ചപ്പോൾ വിശാഖം തിരുനാൾ മഹാരാജാവ് മലയയിൽ നിന്നുൾപ്പെടെ മുന്തിയ മരച്ചീനിത്തൈകൾ ഇവിടേക്ക് ഇറക്കുമതി ചെയ്ത് ജനങ്ങളെ പട്ടിണിയിൽ നിന്നു രക്ഷിച്ചത് ചരിത്രം.
xകടലുകടന്ന് പ്രവാസത്തിന്റെ രുചിയറിഞ്ഞവർ തിരികെയെത്തിയപ്പോള്‍ ആ രുചിക്കൂട്ടുകളെയും ഒപ്പം കൊണ്ടിങ്ങുപോന്നു. ഷവർമയും കുബ്ബൂസും കുഴിമന്തിയുമെല്ലാം നമുക്ക് പരിചയപ്പെടുത്തിയത് പ്രവാസികളല്ലാതെ മറ്റാരാണ്...! ശ്രീലങ്കയിലെ റബർ, തേയിലത്തോട്ടങ്ങളിൽ നിന്നും തിരിച്ചുവന്ന തൊഴിലാളികളാണത്രേ തെക്കേ ഇന്ത്യയിൽ സിലോൺ പൊറോട്ട എന്ന വിഭവം പ്രചരിപ്പിച്ചത്; പക്ഷേ കേരള പൊറോട്ട നമ്മൾ തന്നെ ‘വികസിപ്പിച്ചെ’ടുത്തതാണ്.
xഅയൽ സംസ്ഥാനങ്ങളിലേക്കായിരിക്കും മലയാളികൾ ഏറെ യാത്ര ചെയ്തിട്ടുണ്ടാകുക. സ്വാഭാവികമായും അവിടത്തെ രുചി നാവിനു ‘ക്ഷ’ പിടിക്കും. കർണാടകയും ആന്ധ്രയും തമിഴ്നാടുമെല്ലാം കടന്ന് ദോശയും ഇഡ്ഡലിയും വടയും ഇടിയപ്പവുമൊക്കെ ഇവിടെയെത്തിയത് അങ്ങനെയാണ്. പ്രശസ്തമായ താമരശേരി ഇഡ്ഡലിയുടെ രുചിക്കൂട്ടിനു പിന്നിൽ തഞ്ചാവൂരിൽ നിന്ന് പാലക്കാട്ടേക്കു കുടിയേറിയവരാണെന്നും ഓർക്കണം. അൽപം ദൂരെ നിന്നാണെങ്കിലും ചപ്പാത്തിയും ഇതരസംസ്ഥാനങ്ങളുടെ സമ്മാനമാണ്.
xചോറ്, സാമ്പാർ, കൂട്ടുകറി, അവിയൽ, തോരൻ, പച്ചടി, കിച്ചടി, മധുരക്കറി, രസം, അച്ചാർ, കാളൻ, എരിശേരി, പുളിശേരി, ഇഷ്ടു, പഴം, മെഴുക്കുപുരട്ടികൾ, ഓലൻ, ഇഞ്ചിക്കറി, പായസം...വാഴയില നിറഞ്ഞു കവിയുന്ന സദ്യ നമ്മുടെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമായതെങ്ങനെയാണ്? പറക്കണക്കിനു ചോറും ഒപ്പം കറിക്കൂട്ടുകളുമൊരുക്കാൻ നെല്ലും പച്ചക്കറികളും വിളയാൻ തക്കവിധം ഫലഭൂയിഷ്ഠമായ നമ്മുടെ മണ്ണുതന്നെ!
xകാടിറങ്ങി വന്നു മനസ്സിൽ തൊട്ട വിഭവങ്ങളെത്രയോ! മണ്ണിന്റെ മനസ്സും ചെടികളുടെ ശ്വാസവും തൊട്ടറിഞ്ഞ ആദിവാസി സമൂഹം രുചിക്കൂട്ടൊരുക്കുന്നതിലെ രാജാക്കന്മാരാണ്. കനലിൽ ചുട്ട മത്സ്യം, കാന്താരി മുളകരച്ച മീൻ/കോഴിക്കറി, മുളങ്കുഴലിൽ വേവിച്ച ഇറച്ചി, പാറയിൽ പൊള്ളിച്ചെടുത്ത ഇറച്ചി, ചുട്ട കപ്പ, റാഗി അട, മുളയരിപ്പായസം, കിഴങ്ങുകറികൾ, പലതരം ഇലക്കറികൾ... പ്രകൃതിഭക്ഷണം എന്ന പേരിൽ ഇന്നു നാം വൻവില കൊടുത്തു കഴിക്കുന്നതിലേറെയും പരമ്പരാഗത ആദിവാസി രുചികളാണെന്ന് എത്രപേർക്കറിയാം!
xനെടുനീളൻ തീരപ്രദേശമുണ്ട് കേരളത്തിന്. കായലുകളും ശുദ്ധജലതടാകങ്ങളും പുഴകളും തോടുമെല്ലാമായി പിന്നെയും ‘വെള്ളം വെള്ളം സർവത്ര’. അങ്ങനെയിരിക്കെ മീൻ തലക്കറി, മീൻ പൊള്ളിച്ചത്, ഉണക്കമീൻ വിഭവങ്ങൾ, മീൻ അച്ചാറുകൾ, ചെമ്മീൻ ഉലർത്തിയത്, കൂന്തൾ ഫ്രൈ, കരിമീൻ പൊള്ളിച്ചത്, കരിമീൻ മപ്പാസ്, ഞണ്ട് റോസ്റ്റ്, കല്ലുമ്മക്കായ, നെയ്മീൻ, ചാള, അയല, ആറ്റുകൊഞ്ച്, ആവോലി, നെയ്മീൻ, പൊടിമീൻ, വരാൽ, കൂരി, പള്ളത്തി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മീൻ വിഭവങ്ങൾ ഇവയെല്ലാം നമ്മുടെ രുചിവൈവിധ്യത്തിന്റെ ഭാഗമായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ!
xആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളും നിറഞ്ഞുതൂവിയ നാട്; ഏതു വിഭാഗത്തിൽപ്പെട്ടവരുടെ കല്യാണമായാലും സംഗതി വിഭവസമൃദ്ധം. ആറന്മുള വള്ളസദ്യയും അമ്പലപ്പുഴ പാൽപ്പായസവും ഉണ്ണിയപ്പവുമെല്ലാം ക്ഷേത്രങ്ങളുടെ സമ്മാനം. മലബാറിൽ റമസാൻ പുണ്യം നിറഞ്ഞ വിഭവങ്ങൾ എണ്ണിയാലൊടുങ്ങില്ല. ക്രിസ്മസിന് അപ്പവും സ്റ്റ്യൂവും കോഴിക്കറിയും പലഹാരങ്ങളുമായി മഞ്ഞിന്റെ തണുപ്പുള്ള രുചിയോർമകൾ.
xഅടിച്ചമർത്താനെത്തുന്നവർ സമ്മാനിക്കുന്ന ഓർമകൾ അത്ര മധുരതരമല്ല. പക്ഷേ കേരളത്തിനു കേക്കും മറ്റ് ‘ബേക്ക്’ ചെയ്തെടുത്ത പലഹാരങ്ങളും സമ്മാനിച്ചതിൽ ബ്രിട്ടിഷുകാർക്ക് നിർണായക പങ്കുണ്ട്. കപ്പയ്ക്കൊപ്പം കശുമാങ്ങയും കശുവണ്ടിരുചിയും ഇവിടേക്കെത്തിച്ചത് പോർച്ചുഗീസുകാരും.
xമൊബൈൽ കാലത്തിൽ നാട്ടിലെല്ലാവർക്കും തിരക്കേറി; എല്ലാം എത്രയും പെട്ടെന്നു കഴിക്കാൻ കിട്ടിയാൽ അത്രയും സന്തോഷം എന്ന മട്ടിലായി കാര്യങ്ങൾ. അങ്ങനെ ഉപ്പുമാങ്ങാഭരണിയിൽ നിന്നു കണ്ണിമാങ്ങാ അച്ചാർ പായ്ക്കറ്റിലേക്കു കയറി. അച്ചപ്പവും കുഴലപ്പവും ഇടിയപ്പവും ദോശമാവും ഇഡലിമാവും എന്തിനേറെ തേങ്ങാപ്പാലു വരെ ‘ഇൻസ്റ്റന്റ്’ ആയി നമുക്കു മുന്നിലെത്തി. ബർഗറും പീത്‌സയുമെല്ലാം ഓർഡർ ചെയ്താൽ ‘ഫാസ്റ്റ്’ ഫുഡായി വീട്ടു പടിക്കലെത്തുന്ന അവസ്ഥ. ഈ തിരക്കിനിടയിലും പാചകത്തെ സ്നേഹിക്കുന്നവരുമുണ്ട്. അവരാകട്ടെ ഫെയ്സ്ബുക്കിലും യൂട്യൂബിലുമെല്ലാം തീർക്കുന്നത് രുചിയുടെ അതിഗംഭീര വെർച്വൽ ലോകവും!
x