സിനിമയിലെ അടിയും ഇടിയും വെടിവയ്പും പൊട്ടിത്തെറിയും മാത്രം കണ്ടാൽ മതിയോ? അതിൽ നിന്നു നല്ല പാഠങ്ങളും പഠിക്കേണ്ടേ? ഈ 10 സിനിമകൾ കണ്ടു നമുക്കു പഠിക്കാം ജീവിതത്തിൽ 10 നല്ല ശീലങ്ങൾ. കൊച്ചു കൂട്ടുകാർക്കായി മനോരമ ഓൺലൈനിന്റെ ശിശുദിന സമ്മാനം

സ്വന്തം കഴിവുകൾ തിരിച്ചറിയുക

ബോർഡിൽ കണക്ക് കണ്ടാൽ ബോധംകെട്ടു വീഴുന്ന കുട്ടിയാണ് ഇഷാൻ. പക്ഷേ അവനു പടം വരയ്ക്കാൻ ഇഷ്ടമാണ്. പഠനത്തിൽ പിന്നാക്കമെങ്കിലും മറ്റു കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിതത്തിൽ ഒന്നാമതെത്താൻ കുട്ടികള്‍ക്ക് എങ്ങനെ സാധിക്കും? അതിനുള്ള ഉത്തരമാണ് ‘താരേ സമീൻ പർ’ (2007) എന്ന ഹിന്ദി ചിത്രം.

preview

അധ്യാപകരെ ബഹുമാനിക്കണം

മുൻ നാവിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ജോർജിന്റെ വികൃതികളായ ഏഴു കുട്ടികളുടെ ആയയായാണു മരിയ ആ വീട്ടിലേക്കെത്തുന്നത്. തുടക്കത്തിൽ വൻ വികൃതികളായിരുന്നു കുട്ടികൾ. എന്നാൽ പാട്ടുകൊണ്ടും സ്നേഹം കൊണ്ടും മരിയ അവരെ കീഴ്പ്പെടുത്തി. അധ്യാപകരെ ബഹുമാനിച്ചാൽ തിരികെ ലഭിക്കുന്ന വലിയ കരുതലിന്റെ കഥയാണ് ‘സൗണ്ട് ഓഫ് മ്യൂസിക് (1965) എന്ന ഹോളിവുഡ് ചിത്രം.

preview

മനസ്സിലുണ്ടാകണം, ലക്ഷ്യബോധം

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസ്സങ്ങളുണ്ടാകില്ല. അഥവാ ഉണ്ടായാൽത്തന്നെ അവയെ മറി കടക്കാൻ ഒട്ടേറെപ്പേർ നമുക്കൊപ്പം നിൽക്കും. അതിനു നമുക്കു വേണ്ടത് കൃത്യമായ ലക്ഷ്യബോധമാണ്. തന്റെ മാതൃകാപുരുഷനായ മുൻ രാഷ്ട്രപതി ഡോ.അബ്ദുൽ കലാമിനെ കാണാൻ ഒരു കുട്ടി നടത്തുന്ന ജീവിത യാത്രയുടെ കഥയാണ് ‘അയാം കലാം’(2011) എന്ന ബോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തം.

preview

തോറ്റുകൊടുക്കരുത്, ഒരിക്കലും

തടിയനും മടിയനുമായിരുന്നു ‘പോ’ എന്ന പാണ്ടക്കുട്ടി. കങ് ഫു പഠിക്കണമെന്നാണ് ആഗ്രഹം. പക്ഷേ മടി കാരണം ഒന്നും നടക്കുന്നില്ല. അതിനിടയ്ക്കാണു പോ ജീവിക്കുന്ന താഴ്‌വാരത്തിന് ഭീഷണിയായി വില്ലനെത്തുന്നത്. എന്തുവില കൊടുത്തും തന്റെ നാടിനെ രക്ഷിക്കാനുള്ള പോയുടെ മുന്നേറ്റമാണ് ‘കങ് ഫു പാണ്ട’ (2008) എന്ന ചിത്രം. ഒരിക്കലും തോറ്റുകൊടുക്കരുതെന്നും കഠിനാധ്വാനത്തോടെ മുന്നേറണമെന്നും കുട്ടികളെ പഠിപ്പിക്കും ഈ സിനിമ.

preview

തെറ്റുകളിൽ നിന്നു പഠിക്കണം

അമ്മാവനായ സ്കാറിന്റെ ചതിയിൽപ്പെട്ട സിംബയ്ക്കു നഷ്ടപ്പെട്ടത് അച്ഛനെയും സ്വന്തം രാജ്യത്തെയുമാണ്. എല്ലാവരെയും കണ്ണടച്ചു വിശ്വസിച്ചതാണ് അവനു പറ്റിയ തെറ്റ്. അതുപോലെയുള്ള കുഞ്ഞുകുഞ്ഞു തെറ്റുകളിൽ നിന്നു തിരിച്ചറിവു നേടി ഒടുവിൽ സിംബ രാജ്യം തിരികെ പിടിക്കുന്നതാണ് ‘ദ് ലയൺ കിങ്’ (1994) എന്ന സിനിമ. ടിമോൺ, പുംബ എന്നീ രണ്ടു കൂട്ടുകാരുമായി സൗഹൃദത്തിന്റെ നല്ല പാഠവും പഠിപ്പിക്കുന്നുണ്ട് ഈ ചിത്രം.

preview

ക്ഷമയും സഹാനുഭൂതിയും

സിൻഡ്രല്ലയുടെ കഥയറിയാത്ത കുട്ടികളുണ്ടാകില്ല. രണ്ടാനമ്മയുടെയും അവരുടെ രണ്ടു മക്കളുടെയും ക്രൂരത കാരണം സ്വന്തം വീട്ടിൽ ഒരു വേലക്കാരിയെപ്പോലെ ജീവിക്കേണ്ടി വന്ന പെൺകുട്ടി. പക്ഷേ ആ ദേഷ്യമൊന്നും അവൾ ആരോടും കാണിച്ചില്ല, എല്ലാറ്റിനോടും സഹാനുഭൂതിയോടെ പെരുമാറി; ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ അവൾക്കായി വന്നതാകട്ടെ ഒരു സുന്ദരൻ രാജകുമാരനും. പ്രതിസന്ധികളേറെയുണ്ടാകും. പക്ഷേ ക്ഷമയോടെ കാത്തിരുന്നാല്‍ കണ്മുന്നിൽ വിരിയുക നന്മയുടെ ഫലങ്ങളായിരിക്കുമെന്നു പറഞ്ഞു തരും ‘സിൻഡ്രല്ല’ (2015) എന്ന ഹോളിവുഡ് ചിത്രം.

preview

കൈവിട്ടുകളയരുത്, സ്നേഹബന്ധങ്ങളെ...

ഭാര്യ മരിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു പോയി കാൾ ഫ്രെഡറിക്സൻ എന്ന എഴുപത്തിയെട്ടുകാരൻ. അതിനിടെ സ്വന്തം വീടു നഷ്ടമാകാൻ പോകുന്ന അവസ്ഥയും. പക്ഷേ കാൾ തന്ത്രപരമായി വീടടക്കം ‘പറന്നു’ രക്ഷപ്പെട്ടു. അറിയാതെയാണെങ്കിലും റസൽ എന്ന പയ്യനും കൂടെക്കൂടി. ഭാര്യയുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു കാളിന്റെ ലക്ഷ്യം. യാത്രയ്ക്കിടെ കെവിൻ എന്ന പക്ഷിയെ ഉൾപ്പെടെ പരിചയപ്പെടുന്നുണ്ട് ഇവർ. പിന്നീട് കെവിനെ രക്ഷിക്കാൻ വേണ്ടി ജീവൻ പോലും പണയപ്പെടുത്തി കാളും റസലും നടത്തുന്ന യാത്ര നൽകുന്നത് സ്നേഹത്തിന്റെ പാഠം കൂടിയാണ്– അതാണ് ‘അപ്’ (2009) എന്ന സിനിമ.

preview

ഒന്നിനെയും നിസ്സാരമായി കാണരുത്

ലോകത്തിലെ ഏറ്റവും വേഗതയുള്ള റേസിങ് താരമാവുകയെന്നതാണ് സ്വപ്നം. ആരുടെ? തിയോ എന്ന ഒരു പാവം ഒച്ചിന്റെ! എല്ലാവരും കളിയാക്കിയിട്ടും തിയോ എന്നും വേഗത്തെ സ്വപ്നം കണ്ടുനടന്നു. അതിനിടെ ഒരു പ്രത്യേക കഴിവ് ലഭിച്ച് തിയോ അതിവേഗമുള്ള ‘ടർബോ’ എന്ന ഒച്ചായി പേരും മാറി. എന്നിട്ടും മത്സരിക്കാൻ ആദ്യം അവസരം നിഷേധിക്കപ്പെട്ടു. ഒടുവിൽ ട്രാക്കിലിറങ്ങിയപ്പോൾ അവിടെ കാത്തിരുന്നത് എതിരാളികളുടെ ചതി. എല്ലാറ്റിനെയും മറികടന്ന് ടർബോ ഒന്നാമനാകുമ്പോൾ കണ്ടിരുന്നവർ കയ്യടിയോടെ ഓർക്കും ആരും നിസ്സാരമല്ല എന്ന പാഠം– ചിത്രം: ടർബോ (2013)

preview

സൗഹൃദം സഹജീവികളോടും...

കാടിനെ നമുക്കു പരിചയപ്പെടുത്തിത്തന്ന കഥയാണ് ‘ജംഗിൾബുക്ക്’. മനുഷ്യനും മൃഗങ്ങളും തമ്മില്‍ പോലും പിരിയാനാകാത്ത സൗഹൃദം കാത്തുസൂക്ഷിക്കാനാകുമെന്നു പഠിപ്പിച്ചു തന്നവരാണ് മൗഗ്ലിയും ബഗീരനും ബാലുവും അകേലയുമൊക്കെ. ജീവിതത്തിലെ കഠിനമായ ഘട്ടങ്ങളിൽ സ്നേഹവും സൗഹൃദവും എങ്ങിനെ തുണയാകുമെന്നു കാണിച്ചു തരും 2016–ലിറങ്ങിയ ‘ജംഗിള്‍ബുക്കി’ന്റെ ഹോളിവുഡ് പതിപ്പ്.

preview

നന്മ നിറഞ്ഞ മനസ്സാകണം

കുഞ്ഞനുജത്തി സാഹ്റയുടെ ഷൂ നഷ്ടപ്പെടാൻ കാരണം അലിയാണ്. അച്ഛൻ അറിഞ്ഞാൽ രണ്ടു പേർക്കും വഴക്ക് ഉറപ്പ്. പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് ഇരുവരും. എന്തു ചെയ്യും? സാഹ്റയ്ക്ക് ഷൂ വാങ്ങിക്കൊടുത്തേ മതിയാകൂ. അതിനു വേണ്ടി അലി ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കുകയാണ്. കുട്ടികളെപ്പോലെ നിഷ്കളങ്കമായിരിക്കണം, നന്മ നിറഞ്ഞതായിരിക്കണം മനസ്സ് എന്നു മുതിർന്നവരെയും പഠിപ്പിക്കും ഇറാനിൽ നിന്നുള്ള ‘ചിൽഡ്രൻ ഓഫ് ഹെവൻ’ (1997) എന്ന ചിത്രം.

preview

Top